പത്മ അവാര്‍ഡിന് ലളിത് മോദിയെ വസുന്ധര ശിപാര്‍ശ ചെയ്തു

Posted on: July 9, 2015 6:00 am | Last updated: July 9, 2015 at 1:04 am
SHARE

lalith modi

ന്യൂഡല്‍ഹി: മുന്‍ ഐ പി എല്‍ കമ്മീഷണര്‍ ലളിത് മോദിയെ പത്മ അവാര്‍ഡിനായി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ശിപാര്‍ശ ചെയ്തതായി വെളിപ്പെടുത്തല്‍. ഇതിനകം തന്നെ ലളിത് മോദിക്ക് വേണ്ടി ഏറെ ശിപാര്‍ശകള്‍ നടത്തി വിവാദ നായികയായി മാറിയ വസുന്ധര, ഇതോടെ വിവാദങ്ങളുടെ അഴിയാക്കുരുക്കിലായി.
2007ലാണ് അവര്‍ ലളിത് മോദിയെ പത്മ അവാര്‍ഡിന് ശിപാര്‍ശ ചെയ്തത്. 2007 ജൂലൈ 28ന് രാജസ്ഥാന്‍ സ്‌പോട്‌സ് കൗണ്‍സില്‍ മോദിയുടെ പേര്‍ ശിപാര്‍ശ ചെയ്യുകയും ചെയ്തു. 2003 മുതല്‍ 2008 വരെ ആദ്യമായി രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വസുന്ധര പത്മാ അവാര്‍ഡിനായി ലളിത് മോദിയെ ശിപാര്‍ശ ചെയ്തത്. വിപുലമായ ബിസിനസ് സാമ്രാജ്യത്തിന് ഉടമയും രാജസ്ഥാനില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചക്കായി ചെയ്യുന്ന മഹത്തായ സംഭാവനകളും പരിഗണിച്ചായിരുന്നു ലളിത് മോദിയെ അവാര്‍ഡിനായി ശിപാര്‍ശ ചെയ്തത്.
സംസ്ഥാന സ്‌പോട്‌സ് കൗ ണ്‍സില്‍ സെക്രട്ടറിയായിരുന്ന യു ഡി ഖാന്‍ ആണ് പത്മ അവാര്‍ഡിന് അയക്കേണ്ട അപേക്ഷാ ഫോറം രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സുഭാഷ് ജോഷിക്ക് അയച്ചുകൊടുത്തത്. ലളിത് മോദിയുടെ അപേക്ഷാ ഫാറം രാജസ്ഥാന്‍ കൗണ്‍സില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുത്തു. ഒരു പേര് മാത്രം അയച്ചാല്‍ അക്കാരണത്താല്‍ മോദിയുടെ അപേക്ഷ തള്ളിപ്പോയേക്കാമെന്നതിനാല്‍ ഈ സാഹചര്യം ഒഴിവാക്കാനാണ് അന്താരാഷ്ട്ര അമ്പെയ്ത്ത് താരം ലിംബ റാമിന്റെ പേര് കൂടി അയച്ചുകൊടുത്തത്. എന്നാല്‍, പ്രസ്തുത വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ രാജസ്ഥാന്‍ സര്‍ക്കാറിന്റെ ശിപാര്‍ശ ചെവിക്കൊണ്ടില്ല. 2012ല്‍ ലിംബ റാമിന് പത്മ അവാര്‍ഡ് നല്‍കി. പത്മ അടക്കമുള്ള ദേശീയ അവാര്‍ഡുകള്‍ക്ക് വേണ്ടി നടക്കുന്ന പിന്നാമ്പുറ നാടകങ്ങളിലേക്കാണ് മോദിക്ക് വേണ്ടി നടന്ന ചരടുവലികള്‍ വിരല്‍ ചൂണ്ടുന്നത്.
അതേസമയം, ലളിത് മോദിയുടെ പേര് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് രാജസ്ഥാന്‍ മുന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സുഭാഷ് ജോഷി പറഞ്ഞു. വിവിധ മേഖലകളില്‍ നിന്ന് ഏതാനും പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു. അത് സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.