ഫുജൈറയിലെ പഴയ വീടുകള്‍ വിനോദസഞ്ചാരത്തിന് കരുത്ത്

Posted on: July 8, 2015 7:46 pm | Last updated: July 8, 2015 at 7:46 pm
SHARE

&MaxW=640&imageVersion=default&AR-150709392
ഫുജൈറ: താമസക്കാര്‍ ഉപേക്ഷിച്ച ഫുജൈറയിലെ പഴയ വീടുകള്‍ മേഖലയിലെ വിനോദസഞ്ചാരത്തിന് കരുത്തേകുന്നു. ആധുനിക താമസസ്ഥലങ്ങള്‍ വര്‍ധിച്ചതോടെയാണ് പഴയകാല നിര്‍മിതികളില്‍ മിക്കവയും സ്വദേശികള്‍ ഉപേക്ഷിച്ചത്. എന്നാല്‍ ഇവയില്‍ പലതും അറ്റകുറ്റപ്പണികള്‍ നടത്തിയാണ് വിനോദസഞ്ചാരത്തിന് കരുത്തേകാന്‍ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗതമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന കാലപ്പഴക്കത്തിലും നാശം സംഭവിക്കാത്ത വീടുകള്‍ ഫുജൈറയിലേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിട്ടുണ്ട്.
മിക്ക സ്വദേശി കുടുംബങ്ങളും പട്ടണങ്ങളിലേക്ക് നീങ്ങിയതോടെയാണ് ഉള്‍പ്രദേശങ്ങളിലുള്ള പഴയകാല വീടുകള്‍ ഉപേക്ഷിക്കപ്പെട്ടത്. ഇവയില്‍ പലതും വിനോദസഞ്ചാര മേഖലയിലെ സാധ്യത കണക്കിലെടുത്ത് ഉടമകളാണ് ആവശ്യമായ അറ്റകുറ്റപണികള്‍ നടത്തി, തദ്ദേശീയമായ രീതിയില്‍ മനോഹരമാക്കി വിനോദസഞ്ചാരികള്‍ക്കായി വാടകക്ക് നല്‍കുന്നത്. പല സ്വദേശി കുടുംബങ്ങള്‍ക്കും ഇതൊരു വരുമാനമാര്‍ഗമായി മാറിയിട്ടുണ്ട്. ചില കുടുംബങ്ങള്‍ അവധിക്കാലത്ത് എത്തി താമസിക്കാനായും ഇത്തരം വീടുകള്‍ സൂക്ഷിച്ചിട്ടുണ്ട്.
ഒരു ഭാഗത്ത് പര്‍വതങ്ങളും എതിര്‍വശത്ത് കടലുമുള്ള ഈ മേഖല പ്രകൃതിസുന്ദരമാണെന്നതും മഴക്ക് ശേഷമുള്ള സുഖകരമായ കാലാവസ്ഥയുമാണ് വിനോദസഞ്ചാരികളെ ഇവിടങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. മഴക്ക് ശേഷം ഇവിടുത്തെ പര്‍വതങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പച്ചപ്പും ചെറിയ അരുവികളും വെള്ളച്ചാട്ടവുമെല്ലാം സന്ദര്‍ശകരായി എത്തുന്നവര്‍ക്ക് മറക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിക്കുന്നത്. വാദി ഹൈലിന് സമീപത്തുള്ള പരമ്പരാഗത സ്വദേശി ഗ്രാമവും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. ഇവിടങ്ങളില്‍ വിനോദസഞ്ചാര മേഖലയില്‍ മുതല്‍മുടക്കാന്‍ പലരും തദ്ദേശീയ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ട്.
മേഖലയുടെ വിനോദസഞ്ചാര സാധ്യതയാണ് നിക്ഷേപകരെ ഇതിന് പ്രേരിപ്പിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപക്ഷേിച്ച് കടുത്ത വേനലിലിലും ഇവിടങ്ങളില്‍ അനുഭവപ്പെടുന്ന സുഖകരമായ കലാവസ്ഥയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാനമെന്ന് സ്വദേശികളില്‍ ഒരാള്‍ പറഞ്ഞു. കടലും പര്‍വതങ്ങളുടെ സാന്നിധ്യവുമാണ് മരുക്കാറ്റില്‍ നിന്നും അസഹനീയമായ ചൂടില്‍ നിന്നും പ്രദേശത്തെ സംരക്ഷിച്ച് നിര്‍ത്തുന്നത്.
രാത്രി കാലങ്ങളില്‍ പലപ്പോഴും കുറുക്കനും മുയലും ഉള്‍പെടെയുള്ള കാട്ടുമൃഗങ്ങളെയും കാണാനാവുമെന്നതും തിരക്കുകളില്‍ നിന്നെല്ലാം അകന്ന് കുറഞ്ഞ ദിവസമെങ്കിലും കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താല്‍പര്യമുള്ള കാര്യമാണ്. വരുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ ഇത്തരം മൃഗങ്ങളെ കാണാന്‍ സാധിക്കുമെന്ന് ഇവിടെ താമസിച്ച വിനോദസഞ്ചാരികളില്‍ ഒരാളായ ഡേവിഡ്‌സണ്‍ വ്യക്തമാക്കി.