Connect with us

Gulf

പുതുതലമുറയുടെ വിദ്യാഭ്യാസത്തിന് അബ്ദുല്ല അല്‍ ഗുറൈര്‍ നീക്കിവെച്ചത് 420 കോടി

Published

|

Last Updated

ദുബൈ: അറബ് ലോകത്തെ അതിസമ്പന്നരിലൊരാളും പ്രമുഖ യു എ ഇ വ്യവസായിയുമായ അബ്ദുല്ല അഹ്മദ് അല്‍ ഗുറൈര്‍ പുതുലമുറയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി 420 കോടി ദിര്‍ഹം മാറ്റിവെച്ചു. തന്റെ സമ്പത്തിന്റെ മൂന്നിലൊന്ന് വരുമിത്.
മശ്‌രിഖ് ബേങ്ക് ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്‍ അസീസ് അല്‍ ഗുറൈറിന്റെ പിതാവാണ് അബ്ദുല്ല അഹ്മദ് അല്‍ ഗുറൈര്‍. യു എ ഇയിലെയും അറബ് ലോകത്തേയും താഴെക്കിടയിലുള്ളവരുടെ വിദ്യാഭ്യാസത്തിനായാണ് അടുത്ത 10 വര്‍ഷത്തിനിടയില്‍ ഈ തുക ചെലവഴിക്കുക. അറബ് യൗവനത്തെ നാളത്തെ നേതാക്കളായി വാര്‍ത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അറബ് കുട്ടികള്‍ക്ക് ലഭിക്കുന്ന പ്രാഥമികവും സെക്കന്ററി തലത്തിലുമുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഭാവി വാഗ്ദാനങ്ങളായ 15,000 അറബ് യുവാക്കളെ കണ്ടെത്തി വളര്‍ത്തിയെടുക്കുക എന്നിവയും പദ്ധതിയുലൂടെ സാക്ഷാത്കരിക്കാനാണ് ശ്രമം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തുക ദാനം പ്രഖ്യാപിച്ച അല്‍ ഗുറൈറിനെ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രശംസിച്ചു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ശൈഖ് മുഹമ്മദ് പ്രശംസയും നന്ദിയും അറിയിച്ചത്.