ട്രാഫിക് ഐലന്‍ഡിനെതിരെ നാട്ടുകാര്‍

Posted on: July 8, 2015 12:34 pm | Last updated: July 8, 2015 at 12:34 pm
SHARE

താമരശ്ശേരി: ചുങ്കത്തെ ട്രാഫിക് ഐലന്റ് വീണ്ടും വിവാദത്തില്‍. സംസ്ഥാന പാത ദേശീയ പാതയില്‍ സംഗമിക്കുന്ന സ്ഥലത്ത് 1.60 ലക്ഷം മുടക്കി സ്ഥാപിച്ച സോളാര്‍ ബ്ലിംഗര്‍ എടുത്തുമാറ്റി ശവപ്പെട്ടിയുടെ ആകൃതിയില്‍ ട്രാഫ്ക് ഐലന്‍ഡ് നിര്‍മിച്ചത് വിവാദമായിരുന്നു. നാട്ടുകാരുടെയും പോലീസിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് ഇത് പൊളിച്ചുനീക്കി പുതിയ രൂപത്തില്‍ സ്ഥാപിച്ചെങ്കിലും എതിര്‍പ്പുമായി നാട്ടുകാര്‍ വീണ്ടും രംഗത്തെത്തി.
നേരത്തെയുണ്ടായിരുന്ന സൂചനാ ബോര്‍ഡ് മാറ്റി പേരിനുമാത്രം സൂചകം സ്ഥാപിച്ചതും സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തിന് അമിത പ്രാധാന്യം നല്‍കിയതുമാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണം.
കോഴിക്കോട്, കല്‍പ്പറ്റ എന്നിവിടങ്ങളിലേക്ക് മാത്രമാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. തുഷാരഗിരി, മുക്കം തുടങ്ങിയ പ്രദേശങ്ങളിലേക്ക് സൂചകം സ്ഥാപിച്ചിട്ടില്ല. ട്രാഫിക് ഐലന്‍ഡ് നിര്‍മിച്ച കമ്പനിയുടെ പരസ്യം മുകളില്‍ വലുതായി സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട്, കല്‍പ്പറ്റ എന്നിവക്കൊപ്പം ദിശാസൂകമായി സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുള്ള ദൂരവും രേഖപ്പെടുത്തിയിട്ടുണ്ട്. 1.60 ലക്ഷം മുടക്കി സ്ഥാപിച്ച സോളാര്‍ ട്രാഫിക് ബ്ലിംഗര്‍ മാസങ്ങളായി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.