Connect with us

Kozhikode

ആരോഗ്യ വകുപ്പ് ജീവനക്കാരെയും ജനപ്രതിനിധികളെയും തടഞ്ഞുവെച്ചു

Published

|

Last Updated

മുക്കം: ഡെങ്കിപ്പനി മൂലം പൂളപൊയിലില്‍ വീട്ടമ്മ മരിക്കാനിടയായ സാഹചര്യത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പധികൃതരെയും ജനപ്രതിനിധികളെയും നാട്ടുകാര്‍ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘര്‍ഷം ഉടലെടുത്തു. കെ കെ റുഖിയ മരിച്ചതറിഞ്ഞ് എത്തിയ മുക്കം സി എച്ച് സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ കെ നാസര്‍, ജെ എച്ച് ഐമാരായ സജിത്ത്, ശൈലേന്ദര്‍ എന്നിവരെയാണ് തടഞ്ഞത്. പനി പടര്‍ന്നു പിടിച്ചിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തടയല്‍. ഡി എം ഒയും ജില്ലാ കലക്ടറും സ്ഥലത്തെത്താതെ ഉദ്യോഗസ്ഥരെ വിടില്ലെന്നായി നാട്ടുകാര്‍. ഏറെ നേരത്തിന് ശേഷം സ്ഥലത്തെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സുരേന്ദ്രനാഥിനെയും വാര്‍ഡ് അംഗങ്ങള്‍, ഡി എം ഒ ഓഫീസിലെ ടെക്‌നിക്കല്‍ അസി. രാധാകൃഷ്ണന്‍ എന്നിവരെയും നാട്ടുകാര്‍ തടഞ്ഞു. പോലീസ് എത്തിയെങ്കിലും അവരും നിസ്സഹായരായി. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രനാഥ്, അംഗങ്ങളായ എ എം അഹ്മദ്കുട്ടി ഹാജി, അബൂബക്കര്‍, മുക്കം എസ് ഐ. സജു ആന്റണി, മുക്കം സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ആലിക്കുട്ടി എന്നിവര്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി.
റുഖിയക്കും കുടുംബത്തിനും ചികിത്സയില്‍ കഴിയുന്നവര്‍ക്കും സാമ്പത്തിക സഹായം നല്‍കുക, അഗസ്ത്യന്‍മുഴി മുതല്‍ ഓമശ്ശേരി വരെ പോലീസിന്റെ സാന്നിധ്യത്തില്‍ പരിശോധന നടത്തി മാലിന്യ നിക്ഷേപം തടയുക, മുക്കം സി എച്ച് സിയില്‍ ആവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ നാട്ടുകാരുടെ ആവശ്യങ്ങള്‍ അധികൃതര്‍ അംഗീകരിച്ചതിനാല്‍ അഞ്ച് മണിയോടെ പ്രശ്‌നം അവസാനിച്ചു.

Latest