ചോക്കാട്ട് കാട്ടാന ആക്രമണം വീണ്ടും: വ്യാപക കൃഷി നാശം

Posted on: July 8, 2015 11:01 am | Last updated: July 8, 2015 at 11:01 am
SHARE

കാളികാവ്: ചോക്കാട്ട് നാല്‍പത് സെന്റിന് സമീപം കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു.
പെടയന്താളിന് സമീപത്തെ ആര്‍ ബി എസ്റ്റേറ്റിലാണ് ആനക്കുട്ടമെത്തി തെങ്ങ് അടക്കമുള്ള വിളകള്‍ കുത്തി മലര്‍ത്തി തിന്ന് മടങ്ങിയത്. തിങ്കളാഴ്ച രാത്രിയിലാണ് നാല്‍പത് സെന്റിലെ ആന മതിലും കടന്നെത്തിയ കാട്ടാനകള്‍ റോഡ് മുറിച്ച് കടന്ന് എസ്റ്റേറ്റിനകത്ത് വിളയാട്ടം നടത്തിയത്.
എസ്‌റ്റേറ്റ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ തെങ്ങിന്‍ തൈകളും ആനക്കൂട്ടം കടിച്ച് തിന്നു. കൂടാതെ വാഴ റബ്ബര്‍ പോലുള്ള വിളകളും നശിപ്പിച്ചു. ഇവിടെയുള്ള ഫൈബര്‍ ജലസംഭരണിയും തകര്‍ത്തിട്ടുണ്ട്. തടയാന്‍ കുഞ്ഞാന്റെ തോട്ടത്തിലെ കമുങ്ങും റബ്ബറും നശിപ്പിക്കപ്പെട്ടു.
കൊട്ടന്‍ ചോക്കാട്, നെല്ലിക്കര മലവാരങ്ങളോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാന ശല്ല്യം കൂടുതലാണ്. മലവാരവും ജനവാസ പ്രദേശങ്ങളും വേര്‍തിരിയുന്ന ഭാഗങ്ങളില്‍ വനം വകുപ്പ് ആന മതില്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ മതില്‍ നിര്‍മാണം പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല.
മതിലില്ലാത്ത ഭാഗങ്ങളിലൂടെ നുഴഞ്ഞ് കയറുന്ന ആനക്കൂട്ടമാണ് ജനവാസ പ്രദേശങ്ങളിലെത്തുന്നത്. ആനമതില്‍ നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.