ഈ സുവാരസ് കടിക്കില്ല !

Posted on: July 8, 2015 6:00 am | Last updated: July 8, 2015 at 1:24 am
SHARE

suvarasമോണ്ടിവീഡിയോ: ഗ്രൗണ്ടില്‍ എതിരാളിയെ കടിക്കുന്ന സുവാരസിനെ മാത്രമാണ് ഭുരിഭാഗം പേര്‍ക്കും അറിയുക. മനസില്‍ വലിയ നന്മയുമായി അര്‍ബുദബാധിതരായ കുട്ടികള്‍ക്ക് വേണ്ടി സമയവും സമ്പത്തും മനസും ചെലവഴിക്കുന്നൊരു സുവാരസുണ്ട്. അധികപേര്‍ക്കും അറിയാത്ത ഒരു അവതാരം. പെരേര റസല്‍ ഹോസ്പിറ്റലില്‍ ബാഴ്‌സലോണയുടെ സൂപ്പര്‍ താരത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ പെരെസ് സ്‌ക്രിമിനി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്കിടയിലെ അര്‍ബുധ ചികിത്സക്കായിട്ടുള്ള സന്നദ്ധസംഘടനയാണിത്.
ഫുട്‌ബോളിലെ തിരക്കൊഴിയുമ്പോള്‍ ഉറുഗ്വെ സ്‌ട്രൈക്കര്‍ ഇവിടെ ഓടിയെത്തും. കവിഞ്ഞ ദിവസം സുവാരസ് അര്‍ബുദബാധിതനായ മാറ്റിയോ എന്ന ബാലന് വലിയൊരു സര്‍പ്രൈസ് നല്‍കി. മെയ് മാസം മാറ്റിയോ പെരേറ റസല്‍ ഹോസ്പിറ്റലില്‍ പരിശോധനക്കായി എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഒരു സ്‌പെഷ്യല്‍ ഡോക്ടറെ കാണിച്ചുകൊടുത്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെ മാറ്റിയോയുമായി സംസാരിച്ചത് സാക്ഷാല്‍ സുവാരസായിരുന്നു. മാറ്റിയോയെ ആശ്വസിപ്പിച്ച സുവാരസ് ഒരു പോരാളിയെ പോലെ ജീവിക്കണമെന്ന് ഉപദേശിച്ചു.
മരുന്നും മെഡിറ്റേഷനുമൊക്കെ നേരാംവണ്ണം പാലിച്ചാല്‍ സമ്മാനം നല്‍കുമെന്ന് സുവാരസ് വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച സുവാരസും ഭാര്യയും മാറ്റിയോയെ അതിശയിപ്പിച്ചു. സുവാരസ് ഒപ്പുവെച്ച ബാഴ്‌സലോണ ജഴ്‌സി മാറ്റിയോക്ക് നല്‍കി. രോഗപീഢയില്‍ നിന്നെല്ലാം മാറ്റിയോ മുക്തനായതുപോലെ. ഡോക്ടര്‍ നെ കാസ്റ്റില്ലോ ട്വീറ്റ് ചെയ്തു : ഇന്ന് ഞങ്ങളുടെ നല്ല കുട്ടികള്‍ക്ക് രണ്ട് അതിശയിപ്പിക്കുന്ന ഡോക്ടര്‍മാരൊപ്പമുണ്ട് – ലൂയിസും സോഫിയയും.