മാണിക്കെതിരായ കേസ് അവസാനിപ്പിക്കുന്നു

Posted on: July 8, 2015 5:06 am | Last updated: July 8, 2015 at 1:06 am
SHARE

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സംഘം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ബാര്‍ േകാഴ കേസില്‍ ധനമന്ത്രി മാണിക്കെതിരെ ഇതുവരെയുള്ള കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
മാണിക്കെതിരായ കണ്ടെത്തലുകള്‍ അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടുമ്പോഴും ആരോപണം തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
വിജിലന്‍സ് എസ് പിയുടെ പ്രത്യേക ദൂതന്‍ വഴിയാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
എട്ട് മാസത്തെ അന്വേഷണത്തിനു ശേഷമാണ് എസ് പി. ആര്‍ സുകേശന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 66 പേജുകളടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. മന്ത്രി കെ എം മാണിക്കെതിരെ തെളിവുകളുണ്ടെന്നും അതിനാല്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാമെന്നുമുള്ള നിലപാടായിരുന്നു വിജിലന്‍സ് എസ് പി. ആര്‍ സുകേശന്‍ നേരത്തെ എടുത്തിരുന്നത്. എന്നാല്‍, ആ നിലപാട് വിജിലന്‍സിന്റെ തന്നെ ലീഗല്‍ അഡൈ്വസറും എ ഡി ജി പിയും വിജിലന്‍സ് ഡയറക്ടറും പിന്നീട് തിരുത്തി. മാണിക്കെതിരെ അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് നീക്കം ചെയ്യണമെന്നായിരുന്നു വിജിലന്‍സ് നിയമോപദേശകന്‍ അഗസ്റ്റിന്റെ അഭിപ്രായം.