കൊച്ചി മെട്രോ: വ്യാപാരികളുടെ പുനരധിവാസം ഉറപ്പുവരുത്തുമെന്ന് ആര്യാടന്‍

Posted on: July 8, 2015 6:00 am | Last updated: July 8, 2015 at 12:46 am
SHARE

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിനായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികളുടെ പുനരധിവാസം ഉറപ്പുവരുത്തുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നിയമമായ റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആന്റ് ട്രാന്‍സ്‌പേറന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്റ് സെറ്റില്‍മെന്റ് ആക്ട് 2013ലാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്നത്. എന്നാല്‍, ഈ നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക്് മതിയായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. നോര്‍ത്ത് ഓവര്‍ബ്രിഡ്ജ്, ബാനര്‍ജി, പച്ചാളം ബ്രിഡ്ജ് എന്നിവയോടനുബന്ധിച്ചുള്ള സ്ഥലങ്ങളിലെ വ്യാപാരികളെയാണ് നിയമത്തിന് മുമ്പായി ഒഴിപ്പിച്ചത്. ഇവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി. നിയമത്തിലെ വ്യവസ്ഥയനുസരിച്ച് ഭൂമി വിട്ടുനല്‍ക്കുന്ന ഉടമയ്ക്ക് മറ്റ് വരുമാനമാര്‍ഗമില്ലെങ്കില്‍ നഷ്ടപരിഹാരത്തിന് പുറമേ അഞ്ചുലക്ഷം രൂപയും നല്‍കും. ചെറുകിട കച്ചവടക്കാര്‍ക്ക് അഞ്ചുലക്ഷം രൂപയും കെട്ടിടം മാറ്റി സ്ഥാപിക്കാന്‍ 1.36 ലക്ഷം രൂപയും നല്‍കും.
റവന്യൂ പുറമ്പോക്ക് ഭൂമിയില്‍ ചെറിയ പെട്ടിക്കട നടത്തുന്നവരായാലും പശുവിനെ മേയ്ച്ചുകൊണ്ടിരുന്നവരായാലും 25,000 രൂപ നഷ്ടപരിഹാരമായി നല്‍കും. ഉടമകള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് സര്‍ക്കാരെടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് മെട്രോയ്ക്കാവശ്യമായതില്‍ക്കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നത്. നിശ്ചിത കണക്കില്‍ ഭൂമിയേറ്റെടുക്കുമ്പോള്‍ ബാക്കിവരുന്ന തുണ്ടുഭൂമി ഉടമയ്ക്ക് ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാവാതിരിക്കാനാണ് ഇത്തരമൊരു നടപടി. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പരാതികള്‍ പരിശോധിച്ചശേഷം ആവശ്യമായ നടപടി കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.