ശശീന്ദ്രന്റെയും മക്കളുടെയും മരണം; അയല്‍വാസിയായി കുട്ടിയുടെ മൊഴി സി ബി ഐ അവഗണിച്ചു

Posted on: July 8, 2015 6:00 am | Last updated: July 7, 2015 at 10:36 pm
SHARE

പാലക്കാട്: മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തില്‍ സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അയല്‍വാസിയായ കുട്ടിയുടെ മൊഴി സി ബി ഐ പരിഗണിച്ചില്ലെന്ന് വ്യക്തമായി.
കഴിഞ്ഞദിവസം പുറത്തുവന്ന ഈ കുട്ടിയുടെ മൊഴിയിലും ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മൊഴിയിലുമുള്ള പൊരുത്തക്കേടുകള്‍ സി ബി ഐ അന്വേഷിക്കാതിരുന്നതാണ് ദുരൂഹതയുണര്‍ത്തുന്നത്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ സഹായത്തോടെ സി ബി ഐ മൊഴി രേഖപ്പെടുത്തിയിരുന്നു.
കുട്ടി നല്‍കിയ മൊഴി പ്രകാരം ശശീന്ദ്രന്റെയും മക്കളുടെയും മരണദിവസം വൈകിട്ട് ഏഴുമണിയോടടുത്ത് ശശീന്ദ്രന്‍ ഈ കുട്ടിയെ തൊട്ടടുത്തുള്ള കവലയിലെ കടയില്‍ നിന്നും ചില സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാനായി അയച്ചു. കുട്ടി കടയില്‍ നില്‍ക്കുമ്പോള്‍ ശശീന്ദ്രന്റെ ഭാര്യ ടീന ഓട്ടോയില്‍ വീട്ടിലേക്ക് പോകുന്നത് കണ്ടു.
ഓട്ടോ തിരിച്ചുപോയതിന് ശേഷമാണ് കുട്ടി എത്തിയതെന്നാണ് മൊഴി. ഇത് ശശീന്ദ്രന്റെ ഭാര്യ ടീന നേരത്തേ നല്‍കിയ മൊഴിയുമായി പൊരുത്തമില്ലാത്തതാണ്. താന്‍ രാത്രി എട്ടുമണിക്ക് വീട്ടിലെത്തി. താക്കോല്‍ പഴയ സ്ഥാനത്ത് ഇല്ലായിരുന്നെങ്കിലും കാര്‍പെറ്റിന്റെ അടിയിലുണ്ടായിരുന്നു.
വീട്ടില്‍ കടന്ന് മുഖം കഴുകാന്‍ പോയപ്പോള്‍ സ്‌റ്റോര്‍ മുറിയുടെ അടുത്ത് ഭര്‍ത്താവും കുട്ടികളും തൂങ്ങിമരിച്ച നിലയില്‍ കണ്ടുവെന്നായിരുന്നു ടീനയുടെ മൊഴി.
ഈ കേസ് സി ബി ഐ കെട്ടിച്ചമച്ചതാണെന്നതിന് ഇതില്‍പ്പരം ഒരു തെളിവ് ആവശ്യമില്ല’ശശീന്ദ്രന്റെ സഹോദരന്‍ ഡോ. സനല്‍കുമാര്‍ പറഞ്ഞു. മൊഴിയിലെ ഈ വൈരുദ്ധ്യങ്ങള്‍ ഞങ്ങള്‍ നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇതൊന്നും സി ബി ഐ വിചാരണാഘട്ടത്തില്‍ ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞദിവസമാണ് സി ജെ എം കോടതിയില്‍ നിന്നും മൊഴിപ്പകര്‍പ്പ് പുറത്ത് വന്നത്.
200 പേജോളം വരുന്ന മൊഴിപ്പകര്‍പ്പുകളില്‍ ജഡ്ജിമാര്‍ക്ക് നോക്കാന്‍ സാധിക്കാത്ത രീതിയില്‍ വളരെ അപ്രധാനമായാണ് ഈ കുട്ടിയുടെ മൊഴിയടക്കം വെച്ചിരിക്കുന്നത്. ഇതുമാത്രമല്ല, ശശീന്ദ്രന്‍ കേസിലെ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ മൂന്നിടങ്ങളില്‍ മൂന്ന് വ്യത്യസ്ത തരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഫോറന്‍സിക് വിഭാഗത്തിന്റെയും സി ബി ഐയുടെയും ഫോറന്‍സിക് നിഗമനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ വിശദമായ ഹര്‍ജി അടുത്തദിവസം സമര്‍പ്പിക്കുമെന്ന് സനല്‍കുമാര്‍ പറഞ്ഞു.
ശശീന്ദ്രന്‍ കേസിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശശീന്ദ്രന്റെ ശരീരത്തിലുണ്ടായിരുന്നതായി പറയുന്ന എട്ട് മുറിവുകളും സാഹചര്യത്തെളിവുകളും പരിഗണിക്കുന്നതിലും കോടതിയില്‍ സമര്‍പ്പിക്കുന്നതിലും സി ബി ഐക്ക് വീഴ്ചയുണ്ടായെന്നാണ് ആരോപണം.
മലബാര്‍ സിമന്റ്‌സിലെ രാജിക്ക് ശേഷം മികച്ച കമ്പനികളില്‍ നിന്നുള്ള വാഗ്ദാനങ്ങളുണ്ടായിരുന്ന ശശീന്ദ്രന്‍ കേസുമായി ശക്തമായി മുന്നോട്ടുപോയി പുതിയ കമ്പനിയില്‍ ചേരാനിരിക്കെയാണ് ദുരന്തമുണ്ടായത്. 60 കിലോഗ്രാം ഭാരം മാത്രമുള്ള ശശീന്ദ്രന്‍ 30 കിലോ വീതം ഭാരമുള്ള മക്കളെ തനിച്ച് ഇത്രയും ഉയരത്തില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ലെന്ന് തങ്ങള്‍ നേരത്തേ ചൂണ്ടിക്കാണിച്ചത് സി ബി ഐ എഫ് ഐ ആറില്‍ പരാമര്‍ശിക്കാത്തത് ആശ്ചര്യകരമാണെന്ന് കേസില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ജോയ് കൈതാരം പറഞ്ഞു.
മലബാര്‍ സിമന്റ്‌സില്‍ ഒരു പതിറ്റാണ്ട് കാലം നടന്ന അഴിമതിക്കഥകളുടെ ഞെട്ടിക്കുന്ന തെളിവുകള്‍ കൈയിലുണ്ടായിരുന്ന ശശീന്ദ്രനെ ഒഴിവാക്കാന്‍ നടപ്പാക്കിയ കൊലപാതകങ്ങളില്‍ സത്യസന്ധമായ അന്വേഷണം ഇനിയും നടക്കേണ്ടതുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.