Connect with us

Kasargod

പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ യന്ത്രസാമഗ്രികള്‍ കവര്‍ന്നു

Published

|

Last Updated

കുമ്പള: പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ യന്ത്രസാമഗ്രികള്‍ കവര്‍ച്ച ചെയ്തു. കുമ്പള പോലീസ് കസ്റ്റഡിയിലെടുത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെയും വാട്ടര്‍ അതോറിറ്റി ഓഫീസിന്റെയും പരിസരങ്ങളില്‍ സൂക്ഷിച്ച വാഹനങ്ങളുടെ എന്‍ജിനും മറ്റ് ഭാഗങ്ങളുമാണ് കവര്‍ന്നത്.
ഇന്നലെ രാവിലെ വഴിയാത്രക്കാരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഒമ്‌നി വാനിന്റെ ചില്ല് തകര്‍ത്തതിന് ശേഷം സീറ്റിളക്കി മാറ്റുകയും എന്‍ജിന്‍ അടക്കമുള്ള പ്രധാനഭാഗങ്ങളെല്ലാം മോഷ്ടിച്ചുകൊണ്ടുപോവുകയുമായിരുന്നു.
ടിപ്പര്‍ ലോറിയുടെയും കാറിന്റെയും ടോറസ് ലോറിയുടെയും യന്ത്രഭാഗങ്ങളും ഇളക്കിക്കൊണ്ടുപോയിട്ടുണ്ട്. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടിയ വാഹനങ്ങള്‍ പോലീസ് സ്റ്റേഷന്‍വളപ്പില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതിരുന്നതിനാലാണ് സ്‌കൂളിന്റെയും വാട്ടര്‍ അതോറിറ്റി ഓഫീസിന്റെയും പരിസരങ്ങളില്‍ സൂക്ഷിച്ചിരുന്നത്. നൂറുകണക്കിന് വാഹനങ്ങള്‍ ഇത്തരത്തില്‍ ഈ ഭാഗത്ത് കൂട്ടിയിട്ടിട്ടുണ്ട്.
കാടുമൂടിക്കിടക്കുന്നതിനാല്‍ കവര്‍ച്ചക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാവുകയാണ്. പോലീസ് കസ്റ്റഡിയിലെടുത്ത് സൂക്ഷിക്കുന്ന വാഹനങ്ങളുടെ ടയറുകളും ബാറ്ററികളും നേരത്തെ മോഷണം പോയിരുന്നു.
എന്‍ജിനും മറ്റും മോഷണം പോകുന്നത് ഇതാദ്യമാണ്.

Latest