ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

Posted on: July 7, 2015 8:30 pm | Last updated: July 7, 2015 at 11:53 pm
SHARE
ab-de-villiers-and-quinton-de-kock
ബംഗ്ലാദേശിനെതിരായ ട്വന്റി20 മത്സരത്തില്‍ എബി ഡിവില്ലേഴ്‌സും ഡി കോകും റണ്‍സ് നേടുന്നു. മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 31 റണ്‍സിന് വിജയിച്ചു.

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് സമ്പൂര്‍ണ ജയം.
രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 31 റണ്‍സിന് വിജയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 19.2 ഓവറില്‍ 138 റണ്‍സിന് എല്ലാവരും പുറത്തായി.

ഡി കോക് (44), എ.ബി.ഡിവില്ലിയേഴ്‌സ് (40) എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 10.3 ഓവറില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ നിലംപരിശാക്കിയ ഡേവിഡ് മില്ലര്‍ (30) ആണ് ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 169 റണ്‍സില്‍ എത്തിച്ചത്.

ബംഗ്ലാദേശ് നിരയില്‍ 37 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരാണ് ടോപ്പ് സ്‌കോറര്‍. മറ്റാര്‍ക്കും തിളങ്ങാനായില്ല. മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ലെഗ്‌സ്പിന്നര്‍ എഡി ലീയാണ് ബംഗ്ലാദേശിനെ തകര്‍ത്തെറിഞ്ഞത്്. ലീയാണ് മാന്‍ ഓഫ് ദ മാച്ച്. ഫാഫ് ഡുപ്ലെസിസാണു മാന്‍ ഓഫ് ദ സീരീസ്.