കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒന്‍പതിനകം

Posted on: July 7, 2015 8:32 pm | Last updated: July 8, 2015 at 12:10 pm
SHARE

Kasthuri-rangan-report-Newskerala

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം സെപ്റ്റംബര്‍ ഒന്‍പതിനകം ഉണ്ടാകും. ഈ മാസം 31നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ആറ് സംസ്ഥാനങ്ങള് കൂടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുണ്ട്. കേരളം, ഗോവ, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കൂടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടേ അന്തിമ വിജ്ഞാപനമുണ്ടാവുകയുള്ളൂ. 2014 മാര്‍ച്ച് 10നായിരുന്നു കരടു വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചത്.
അടുത്ത മാസം വീണ്ടും സംസ്ഥാനങ്ങളുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. വാണിജ്യാവശ്യങ്ങള്‍കുള്ള ഖനനത്തിനും മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. സാധാരണ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തിലെ 123 വില്ലേജുകളാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 47 വില്ലേജുകളും ഇടുക്കി ജില്ലയിലേതാണ്. ഇതിനെതിരെ ഇടുക്കിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കഡസ്ട്രല്‍ മാപ്പും വിവരണാത്മക റിപ്പോര്‍ട്ടും പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2014 ഡിസംബറിനകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. സംസ്ഥാന റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററും സര്‍വേ വകുപ്പും സംയുക്തമായാണ് കേരളത്തിലെ 123 വില്ലേജുകളുടെ കഡസ്ട്രല്‍ മാപ്പ് തയ്യാറാക്കിയത്.