മൊബൈല്‍ ഫോണ്‍ കമ്പോളം 29 ശതമാനം വളര്‍ച്ച നേടും

Posted on: July 7, 2015 6:00 pm | Last updated: July 7, 2015 at 6:17 pm
SHARE

The-rise-of-smartphones copy
ദുബൈ: 2019 ഓടെ ജി സി സിയിലെ മൊബൈല്‍ ഫോണ്‍ വ്യാപാരത്തില്‍ 29 ശതമാനം വര്‍ധയുണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്‍ വെളിപ്പെടുത്തി. ഈ വര്‍ഷം 3.5 കോടി മൊബൈല്‍ ഫോണുകളാണ് ജി സി സിയിലുള്ളത്. 2019ഓടെ അത് 4.5 കോടി ആകും. ഓരോ വര്‍ഷവും 16.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 87 ലക്ഷം യൂണിറ്റുകള്‍ കയറ്റിറക്കുമതി ചെയ്യപ്പെടുന്നു.
സ്മാര്‍ട് ഫോണുകള്‍ക്കാണ് ഇപ്പോള്‍ വില്‍പന കൂടുതല്‍. ഫീച്ചര്‍ ഫോണുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞുവരികയാണ്. അതേപോലെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പനയിലും കുറവ് വന്നിട്ടുണ്ട്. സഊദി അറേബ്യയിലേക്കുള്ള സ്മാര്‍ട് ഫോണുകളുടെ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജി സി സിയില്‍ 50 ശതമാനം സ്മാര്‍ട് ഫോണുകള്‍ സഊദിയിലേക്കാണ്. യു എ ഇ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 26 ശതമാനം യു എ ഇയിലാണുള്ളത്. ആധുനിക സാങ്കേതിക സാമഗ്രികള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ജി സി സി വന്‍കുതിപ്പാണ് നടത്തുന്നത്. അതേസമയം, കുവൈത്തില്‍ ആവശ്യക്കാര്‍ കുറഞ്ഞുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ മേലുള്ള നിയന്ത്രണമാണ് കാരണം. ഏറ്റവും വില്‍പന വര്‍ഷാവര്‍ഷം രേഖപ്പെടുത്തുന്നതില്‍ ഖത്തര്‍ മുന്‍പന്തിയിലാണ്. 2022 ലോകകപ്പ് ഫുട്‌ബോളിന് ആതിഥ്യം നല്‍കുന്നത് കൊണ്ടാണ് ഇത്.
ടാബ്‌ലറ്റുകളുടെ വില്‍പനയിലും നേരിയ വര്‍ധനവുണ്ട്. ഈ വര്‍ഷം ആദ്യപാദത്തില്‍ ഒമ്പത് ശതമാനം വര്‍ധന രേഖപ്പെടുത്തി. നിരവധി പുതിയ ബ്രാന്‍ഡുകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ വില്‍പനയില്‍ 6.4 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്‍ ചൂണ്ടിക്കാട്ടി.