സാദിയാത്ത് ദ്വീപില്‍ ഹ്വാക്‌സ്ബില്‍ ആമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞു

Posted on: July 7, 2015 6:00 pm | Last updated: July 7, 2015 at 6:17 pm
SHARE

&MaxW=960&imageVersion=default&AR-150709431

അബുദാബി: വംശനാശ ഭീഷണി നേരിടുന്ന ഹ്വാക്‌സ്ബില്‍ ആമക്കുഞ്ഞുങ്ങള്‍ സാദിയാത്ത് ദ്വീപില്‍ വിരിഞ്ഞിറങ്ങി. 80 മുട്ടകളാണ് ദ്വീപില്‍ വിരിഞ്ഞത്. ഈ വര്‍ഷത്തെ ആദ്യ വിജയകരമായ മുട്ടവിരിയലാണ് സംഭവിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കടല്‍ക്കരയില്‍ കടലാമകള്‍ നിക്ഷേപിച്ച് പിന്‍വാങ്ങിയ മുട്ടകളുടെ മേല്‍നോട്ടവും സംരക്ഷണവും ടുറിസം ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി(ടി ഡി ഐ സി)യായിരുന്നു പാര്‍ക്ക് ഹയാത്ത് അബുദാബി ഹോട്ടലുമായി സഹകരിച്ച് ഏറ്റെടുത്തിരുന്നത്. വംശനാശം നേരിടുന്ന ആമ വര്‍ഗമായ ഹ്വാക്‌സ്ബില്ലുകളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് പാര്‍ക്ക് ഹയാത്തിലെ റെസിഡന്റ് മറൈന്‍ ബയോളജിസ്റ്റായ അരബെല്ല വില്ലിംഗ് വ്യക്തമാക്കി. വംശനാശം നേരിടുന്ന കടല്‍ജീവികള്‍ ഉള്‍പെടെയുള്ളവയുമായി സൗഹാര്‍ദത്തില്‍ കഴിയാനാണ് ഹോട്ടല്‍ ആഗ്രഹിക്കുന്നതെന്നും ആമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത് സന്തോഷം നല്‍കുന്ന നിമിഷമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.
വിരിഞ്ഞിറങ്ങിയ ആമകുഞ്ഞുങ്ങള്‍ കടലിലേക്ക് ഇഴഞ്ഞു നീങ്ങുന്ന നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റില്ല. ലോകത്തിലെ ഏറ്റവും നല്ല അനുഭവങ്ങളില്‍ ഒന്നായാണ് താന്‍ ഇതിനെ കാണുന്നത്. ആ കാഴ്ച വീണ്ടും കാണാന്‍ ആഗ്രഹിച്ചുപോകുന്നു. എണ്‍പതില്‍ അധികം മുട്ടകള്‍ വിരിഞ്ഞിറങ്ങിയെന്നത് അസാധാരണമായ കാര്യമാണ്. 50 മുതല്‍ 70 വരെ മുട്ടകളാണ് സാധാരണഗതിയില്‍ വിരിയാറ്.
വിരിഞ്ഞിറങ്ങുന്നതോടെ ആമക്കുഞ്ഞുങ്ങള്‍ കടലിന്റെ ദിശയില്‍ നിരങ്ങിനീങ്ങും. ആമകളുടെ കടലിലേക്കുള്ള യാത്ര സുഗമമാക്കാന്‍ ആവശ്യമായതെല്ലാം ടി ഡി ഐ സി ചെയ്യുന്നുണ്ട്. ആമകുഞ്ഞുങ്ങള്‍ കടലിലേക്ക് സഞ്ചരിക്കുന്ന രാവില്‍ ഹോട്ടല്‍ മുറികളിലെ വിളക്കുകള്‍ അണച്ചും യാനങ്ങള്‍ ആമകളുടെ സഞ്ചാരപദത്തില്‍ നിന്നു മാറ്റിയുമാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. ഹോട്ടലില്‍ കഴിയുന്ന അതിഥികളോട് ബാല്‍കണി ഉള്‍പെടെയുള്ള മേഖലകളിലെ വിളക്കുകള്‍ അണയ്ക്കാന്‍ ആവശ്യപ്പെടാറുണ്ട്. മുറികൡ നിന്നു കടലിലേക്ക് വെളിച്ചം വരാതിരിക്കാന്‍ കര്‍ട്ടണുകള്‍ താഴ്ത്തിയിടാനും നിര്‍ദേശിച്ചിരുന്നു.
രാത്രികാലങ്ങളില്‍ ആമകുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയ മേഖലകളില്‍ ആളുകളെ പ്രവേശിപ്പിക്കാറില്ലെന്നും ടി ഡി ഐ സി വ്യക്തമാക്കി. ഹ്വാക്‌സ്ബില്‍ ആമകളുടെ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷം ഇതുവരെ 1,100ല്‍ അധികം കുഞ്ഞുങ്ങള്‍ സാദിയാത്തില്‍ വിരിഞ്ഞിറങ്ങിയതായി അരബെല്ലയും വെളിപ്പെടുത്തി.