കരിന്തളം ഖനനം; ജനകീയസമരം വീണ്ടും ശക്തിപ്പെടുന്നു

Posted on: July 7, 2015 3:27 pm | Last updated: July 7, 2015 at 3:27 pm
SHARE

കാഞ്ഞങ്ങാട്: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്തിലെ തലയടുക്കത്ത് കേരള ക്ലേസ് ആന്റ് സെറാമിക്‌സ് പ്രഡക്ട്‌സ് ലിമിറ്റഡ് നടത്തുന്ന അലുമിനസ് ലാറ്ററൈറ്റ് ഖനനത്തിനെതിരെ സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റി നടത്തിവരുന്ന സമരം വീണ്ടും ശക്തിപ്പെട്ടു.
ഖനനം നേരത്തെ നിര്‍ത്തിയെങ്കിലും ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരെ ഇന്ന് നടത്തിയ ഉപരോധം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മണന്‍ അധ്യക്ഷം വഹിച്ചു. ടി കെ രവി, കെ കെ നാരായണന്‍, കുര്യാക്കോസ് പ്ലാപ്പറമ്പന്‍, എസ് കെ ചന്ദ്രന്‍, പുഷ്പരാജ്, സി എം ഇബ്രാഹിം, പാറക്കോല്‍ രാജന്‍, സി വി ഗോപകുമാര്‍, വി വി വാമനകുമാര്‍, വി വി രത്‌നാവതി, എ.വിധുബാല തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒ എം ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
സമരം അവസാനിപ്പിക്കാന്‍ നേരത്തെ പലവട്ടം ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലമുണ്ടായില്ല. കമ്പനിയുടെ കവാടത്തില്‍ അനിശ്ചിതകാല ഉപരോധം നടത്താനാണ് സര്‍വ്വകക്ഷി ആക്ഷന്‍കമ്മറ്റിയുടെ തീരുമാനം.
ഒരുമാസം മുമ്പ് തലയടുക്കത്ത് ഖനനം പുനരാരംഭിക്കാന്‍ നീക്കം നടന്നപ്പോള്‍ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകള്‍ തൊഴിലാളികളെ തടഞ്ഞത് സംഘര്‍ഷത്തിനു കാരണമായിരുന്നു. ഖനനത്തിന് നേതൃത്വം നല്‍കുന്ന കമ്പനിയുടെ വാഹനം അടിച്ചുതകര്‍ത്ത സംഭവവും ഉണ്ടായിരുന്നു.
അതേസമയം ഖനനം നിര്‍ത്തിവെക്കാന്‍ അധികാരികള്‍ ഇടപെടുന്നില്ലെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഖനനത്തിന് അനുകൂലമായി ഹൈക്കോടതി വിധിയുണ്ടായതാണ് ഇതിനു കാരണമെന്നാണ് അധികാരികള്‍ പറയുന്നത്.