Connect with us

Kannur

എണ്ണപ്പാറ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല: നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു

Published

|

Last Updated

തായന്നൂര്‍: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോടോം ബേളൂര്‍ പഞ്ചായത്തില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്ന് പിടിക്കുമ്പോഴും ഇവിടത്തെ ഏക ആതുരാലയത്തില്‍ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ വലക്കുന്നു.
കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സമരം നടത്തിയതിനെത്തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയമിച്ച വി ആര്‍ എസ് ഡോക്ടര്‍ വേറൊരു ജില്ലയിലേക്ക് സ്ഥലം മാറിപ്പോയതിനാലാണ് എണ്ണപ്പാറ ആശുപത്രിയില്‍ രോഗികള്‍ ദുരിതമനുഭവിക്കുന്നത്.
കോടോം ബേളൂര്‍, മടിക്കൈ, കിനാനൂര്‍ കരിന്തളം പഞ്ചായത്തുകളില്‍ നിന്ന് 200ല്‍ പരം രോഗികള്‍ ഇവിടെ നിത്യേന ചികിത്സ തേടിയെത്താറുണ്ട്. നിലവില്‍ ഇവിടെ ഡോക്യര്‍ മാത്രമാണുള്ളത്. പാലിയേറ്റീവ്, മെഡിക്കല്‍ ഓഫീസര്‍ എന്ന നിലയില്‍ സംബന്ധിക്കേണ്ട യോഗങ്ങള്‍ എന്നിവ കൂടി കണക്കിലെടുത്താല്‍ പല ദിവസങ്ങളിലും ചികിത്സ മുടങ്ങും. ട്രൈബല്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍തല ആലോചന നടക്കുന്നതിനിടെയാണ് നാട്ടുകാര്‍ക്ക് ഈ ദുരിതമനുഭവിക്കേണ്ടി വരുന്നത്. 1999ല്‍ ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയ്ക്ക് ഉത്തരവിറക്കിയെങ്കിലും ഇതുവരെ നടപടിയായില്ല.
എത്രയും പെട്ടെന്ന് കൂടുതല്‍ ജീവനക്കാരെ നിയമിക്കാത്ത പക്ഷം മിന്നല്‍ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ്ബ് തീരുമാനിച്ചു. കെ രഘു അധ്യക്ഷത വഹിച്ചു.

Latest