കുടുംബം സഞ്ചരിച്ച കാര്‍ ആക്രമിച്ച അഞ്ച്‌പേര്‍ അറസ്റ്റില്‍

Posted on: July 7, 2015 8:13 am | Last updated: July 7, 2015 at 8:13 am
SHARE

പാലക്കാട്: തിയേറ്ററില്‍ മദ്യപിച്ചെത്തി ശല്യം ചെയ്തത് പോലീസില്‍ അറിയിച്ചതിന്റെ വൈരാഗ്യത്തില്‍ കുടുംബം സഞ്ചരിച്ച കാര്‍ ആക്രമിച്ച അഞ്ച് പേര്‍ അറസ്റ്റില്‍. എടത്തറ സ്വദേശികളായ സുരേഷ്, സുഭാഷ്, സജിത്ത്, ശഫീഖ്, പ്രതാപന്‍ എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി പ്രിയ തിയേറ്ററില്‍ സെക്കന്റ്‌ഷോ സിനിമക്കിടെയാണ് സംഭവം.
മദ്യപിച്ചെത്തിയ സംഘം തിയേറ്ററില്‍ ബഹളംവെക്കുകയും കുടുംബസമേതം എത്തിയവരെ ശല്യംചെയ്യുകയുമായിരുന്നു. ഇതിനെതിരെ പ്രതികരിച്ച ഗൃഹനാഥന്‍ വിവരം പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇവരെ താക്കീതു ചെയ്തു. ഇതില്‍ കുപിതരായ യുവാക്കള്‍ സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ കുടുംബത്തിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തിയേറ്ററിന്റെ ഗേറ്റിനു മുന്നില്‍വെച്ച് കാര്‍ തടഞ്ഞ് നടത്തിയ കല്ലേറില്‍ ഗ്ലാസ് തകര്‍ന്നു. ബോണറ്റിനും കേടുപാട് സംഭവിച്ചു. തുടര്‍ന്ന് തകര്‍ന്ന കാറുമായി ഗൃഹനാഥന്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. സംഭവമറിഞ്ഞയുടന്‍ ടൗണ്‍ നോര്‍ത്ത് സി ഐ ആര്‍ ഹരിപ്രസാദിന്റെ നിര്‍ദേശപ്രകാരം എസ് ഐ എം സുജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
തിയേറ്ററുകളില്‍ മദ്യപിച്ചെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരെ പിടികൂടാന്‍ കര്‍ശന പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.