Connect with us

Malappuram

ആശിഖിന്റെ ദുരൂഹ മരണം; നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു

Published

|

Last Updated

വളാഞ്ചേരി: ആതവനാട് കാട്ടിലങ്ങാടി പി എം എസ് എ യത്തീംഖാന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കരേക്കാടന്‍ ചേനാടന്‍കുളമ്പില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു.
കരേക്കാട് ചേനാടന്‍കുളമ്പ് പതിയാരത്ത് റഫീഖിന്റെ മകന്‍ ആഷിഖ് (17) ആണ് ശനിയാഴ്ച രാവിലെ യത്തീംഖാന പള്ളിയുടെ വിശ്രമമുറിയില്‍ മരിച്ചത്. തിങ്കളാഴ്ച മരിച്ച കുട്ടിയുടെ വീട് തിരൂര്‍ ഡി വൈ എസ് പി. പി അസൈനാര്‍ സന്ദര്‍ശിച്ചു. ഡി വൈ എസ് പിയുടെ സന്ദര്‍ശനം പ്രഹസനമായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. അഞ്ചു മിനിറ്റ് പോലും അവിടെ നില്‍ക്കാനോ കുട്ടിയുടെ പിതാവുമായി സംസാരിക്കാനോ ഡിവൈ എസ് പി തയ്യാറായില്ല എന്നും ഇവര്‍ പറയുന്നു.
നാട്ടുകാരെയും രക്ഷിതാക്കളെയും വന്നുവെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയുള്ള സന്ദര്‍ശനം മാത്രമായിരുന്നു. കേസ് അട്ടിമറിക്കുന്നതിന് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. എ കെ അസീസ് ചെയര്‍മാനും എ പി നാസര്‍ കണ്‍വീനറുമായ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ചീഫ്, ആഭ്യന്തര മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സി പി എം ഏരിയാ സെക്രട്ടറി കെ പി ശങ്കരന്‍, എ എന്‍ ജോയ് എന്നിവരും കുട്ടിയുടെ വീട് സന്ദര്‍ശിച്ചു.
ദുരൂഹ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി പി എം ഏരിയാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അന്വേഷണത്തില്‍ യാതൊരു ബാഹ്യ ഇടപെടലുകളുമില്ലെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ എന്നും കല്‍പ്പകഞ്ചേരി എസ് ഐ മുരളീധരന്‍ പറഞ്ഞു.

Latest