Connect with us

Sports

ഇത് ഗംഭീരം

Published

|

Last Updated

പല്ലെക്കലെ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാക്കിസ്ഥാന്‍ വിജയത്തിലേക്ക്. 337 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. ഒരു ദിവസവും എട്ട് വിക്കറ്റുകളും കൈയ്യിലിരിക്കെ പാക്കിസ്ഥാന് വിജയത്തിലേക്ക് 147 റണ്‍സ് മാത്രം മതി.
സെഞ്ച്വറി നേടിയ ഓപണര്‍ ഷാന്‍ മസൂദും (114), സെഞ്ച്വറിയോടെ വെറ്ററന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ യൂനിസ് ഖാനും (101) ക്രീസിലുണ്ട്. നേരത്തെ ശ്രീലങ്കയുടെ രണ്ടാമിന്നിംഗ്‌സ് 313 ല്‍ അവസാനിച്ചു. സെഞ്ച്വറി നേടിയ (122) ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസിന്റെ പോരാട്ടം അവസാനിച്ചതോടെയാണ് ലങ്കന്‍ ഇന്നിംഗ്‌സും അടങ്ങിയത്.
ആദ്യ ടെസ്റ്റ് പാക്കിസ്ഥാന്‍ പത്ത് വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റ് ശ്രീലങ്ക ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. അഹമ്മദ് ഷെഹ്‌സാദ് (0), അസ്ഹര്‍ അലി(5) എന്നിവര്‍ പെട്ടെന്ന് പുറത്തായെങ്കിലും ഷാന്‍ മസൂദ്-യൂനിസ് കൂട്ടുകെട്ട് പാക്കിസ്ഥാനെ വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി.
ഓപണര്‍ ഷെഹ്‌സാദിനെ സുരാംഗ ലക്മല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ലക്മലിന്റെ അമ്പതാം വിക്കറ്റായിരുന്നു ഇത്. പതിമൂന്ന് റണ്‍സിലെത്തുമ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടം. അസ്ഹര്‍ അലി ദാമിക പ്രസാദിന്റെ പന്തില്‍ ചാന്ദിമാലിന് ക്യാച്ചായി.
ഇതിന് ശേഷമായിരുന്നു ടെസ്റ്റ് ക്രിക്കറ്റിന്റെ മുഴുവന്‍ സൗന്ദര്യവും ആവാഹിച്ചുകൊണ്ട് ഷാനും യൂനിസും ബാറ്റ് വീശിയത്. ചായക്ക് പിരിയുമ്പോള്‍ മൂന്നാം വിക്കറ്റില്‍ ഇവര്‍ 86 റണ്‍സ് ചേര്‍ത്തു. രണ്ട് വിക്കറ്റിന് 99 എന്ന നിലയിലായിരുന്നു പാക്കിസ്ഥാന്‍. മസൂദ് അപ്പോള്‍ പുറത്താകാതെ 52ഉം യൂനിസ് 41ഉം നേടിയിരുന്നു.
വിജയത്തിലേക്ക് 278 റണ്‍സ് അകലം. ശ്രീലങ്കന്‍ മണ്ണില്‍ നാലാം ഇന്നിംഗ്‌സില്‍ മുന്നൂറിലേറെ റണ്‍സടിച്ച് ഒരു ടീമും ഇന്നേ വരെ ടെസ്റ്റ് ജയിച്ചിട്ടില്ല. ഈ ചരിത്രം തിരുത്താനാണ് പാക്കിസ്ഥാന്‍ ഒരുങ്ങുന്നത്.

Latest