ഫിഫ വനിതാ ലോകകപ്പ്: ജപ്പാനെ തകര്‍ത്ത് അമേരിക്കക്ക് കിരീടം

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 2:20 am
SHARE

376994-usa-world-cup-winners
വാന്‍കൂവര്‍(കാനഡ) : ഫിഫ വനിതാ ലോകകപ്പ് അമേരിക്കക്ക്. ഏഴ് ഗോളുകള്‍ പിറന്ന കലാശപ്പോരില്‍ ജപ്പാനെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് അമേരിക്ക അവരുടെ മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. കാര്‍ലി ലോയ്ഡിന്റെ ഹാട്രിക്കാണ് അമേരിക്കക്ക് ഗംഭീര ജയമൊരുക്കിയത്. ലോകകപ്പ് ഫൈനലില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരം കൂടിയാണ് കാര്‍ലിലോയ്ഡ്. 1991, 1999 വര്‍ഷങ്ങളിലായിരുന്നു അമേരിക്കയുടെ മുന്‍ കിരീടങ്ങള്‍. നാല് വര്‍ഷം മുമ്പ് ജപ്പാനോട് ഫൈനലില്‍ തോറ്റതിന്റെ കണക്ക് തീര്‍ക്കല്‍ കൂടിയായി അമേരിക്കന്‍ വനിതകള്‍ക്ക് ഈ കിരീടജയം. ടൂര്‍ണമെന്റില്‍ എല്ലാ കളിയും ജയിച്ചാണ് അമേരിക്ക കപ്പില്‍ മുത്തമിട്ടത്.
കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ലോയ്ഡ് ആദ്യഗോളടിച്ചു. രണ്ട് മിനുട്ടിനുള്ളില്‍ രണ്ടാം ഗോള്‍. പതിനാറാം മിനുട്ടില്‍ ഹാട്രിക്കും ! ജപ്പാന്‍ മത്സരം ആരംഭിക്കും മുമ്പെ തകര്‍ന്നു പോയി. ഇതിനിടെ പതിനാലാം മിനുട്ടില്‍ ഹോളിഡെയും സ്‌കോര്‍ ചെയ്തതോടെ 4-0ന് അമേരിക്ക ഏകപക്ഷീയ ലീഡെടുത്തു.
ഇരുപത്തേഴാം മിനുട്ടിലാണ് ജപ്പാന്‍ ഒഗിമിയിലൂടെ ആദ്യ ഗോള്‍ മടക്കിയത്. ജോണ്‍സ്റ്റന്റെസെല്‍ഫ് ഗോളിലൂടെ അമ്പത്തിരണ്ടാം മിനുട്ടില്‍ ജപ്പാന്‍ 4-2ന് പിറകിലെത്തി. എന്നാല്‍ അമ്പത്തിനാലാം മിനുട്ടില്‍ ഹീത്തിന്റെ ഗോളില്‍ അമേരിക്ക 5-2ന് ജയം അടിവരയിട്ടു. ആറ് ഗോളുകളുമായി കാര്‍ലി ലോയ്ഡ് ടൂര്‍ണമെന്റിലെ സംയുക്ത ടോപ്‌സ്‌കോററാണ്. ജര്‍മനിയുടെ സെലിയ സസിചും ആറ് ഗോളുകള്‍ നേടി.
തുടക്കത്തിലെ സ്‌കോറിംഗ് ചെയ്യാനായിരുന്നു പദ്ധതി. അത് കാര്‍ലി ലോയ്ഡ് ഭംഗിയാക്കി – അമേരിക്കയുടെ കോച്ച് ജില്‍ എലിസ് പറഞ്ഞു. അമേരിക്കയുടെയും ജപ്പാന്റെയും കളിക്കാര്‍ ഒരേ തലമുറക്കാരാണ്. 2012 ബീജിംഗ് ഒളിമ്പിക് ഫൈനലിലും ഇവരായിരുന്നു മുഖാമുഖം. അന്ന് അമേരിക്ക 2-1ന് സ്വര്‍ണം നേടിയപ്പോള്‍ രണ്ട് ഗോളുകളും നേടിയത് കാര്‍ലി ലോയ്ഡായിരുന്നു. അതേ സമയം, 2011 ലോകകപ്പ് ഫൈനലില്‍ ജപ്പാനായിരുന്നു ജയം.
ഗ്രൂപ്പ് ഡിയില്‍ മൂന്ന് കളികളില്‍ രണ്ട് ജയം, ഒരു സമനില, ഇതാണ് അമേരിക്കയുടെ പ്രകടനം. ആസ്‌ത്രേലി, നൈജീരിയ ടീമുകളെ തോല്‍പ്പിച്ച അമേരിക്ക സ്വീഡനോട് സമനിലയായി. പ്രീക്വാര്‍ട്ടറില്‍ 2-0ന് കൊളംബിയയെ, ക്വാര്‍ട്ടറില്‍ 1-0ന് ചൈനയെ, സെമിയില്‍ 2-0ന് ജര്‍മനിയെ തോല്‍പ്പിച്ച് അമേരിക്ക ഫൈനലിലെത്തി.