Connect with us

Kerala

കളമശ്ശേരി ഭൂമി തട്ടിപ്പ്: ടി ഒ സൂരജിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് സി ബി ഐ

Published

|

Last Updated

കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മിഷനര്‍ ടി ഒ സൂരജിനെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് സിബിഐ തീരുമാനിച്ചു.
സൂരജ് കുറ്റക്കാരനല്ലെന്ന നുണപരിശോധനാ ഫലം വിശ്വാസത്തിലെടുത്താണ് അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. പോളിഗ്രാഫ് ടെസ്റ്റിന്റെ ഫലം സൂരജിന് അനുകൂലമായാല്‍ അദ്ദേഹത്തെ ബ്രെയിന്‍മാപ്പിംഗിന് വിധേയനാക്കാന്‍ ഒരു ഘട്ടത്തില്‍ ആലോചിച്ചിരുന്നുവെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് ഹൈക്കോടതി നീട്ടിക്കൊടുത്ത സമയപരിധി ഈ മാസം 24ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളിലാണ് സി ബി ഐ അന്വേഷണ സംഘം.
മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജിന്റെ ബന്ധുവായ അബ്ദുള്‍ സലാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പത്തടിപ്പാലം സ്വദേശിനി എന്‍ എ ഷരീഫയുടെ പേരിലുള്ള ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാന്‍ ഉത്തരവിട്ട സൂരജിന്റെ നടപടി നിയമവിരുദ്ധമാണെന്ന് വ്യക്തമാണെങ്കിലും കുറ്റകരമായ ഗൂഢാലോചന കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ഇദ്ദേഹത്തെ പ്രതിയാക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് സി ബി ഐ പറയുന്നു. ഈ കേസില്‍ മുന്‍ലാന്‍ഡ് റവന്യു കമ്മീഷനര്‍ സ്വീകരിച്ച നിലപാട് പരിശോധിക്കാതെയാണ് സൂരജ് ഭൂമിയുടെ പോക്കുവരവ് റദ്ദാക്കാന്‍ ഉത്തരവ് നല്‍കിയത്. ഇതിന് സൂരജിനെതിരെ വകുപ്പുതല നടപടിയെടുക്കാവുന്നതാണ്. റവന്യു ഉദ്യോഗസ്ഥര്‍ തന്ന ഫയലുകള്‍ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സൂരജ് സി ബി ഐക്ക് മൊഴി നല്‍കിയിട്ടുള്ളത്. നുണപരിശോധനാ ഫലം അനുകൂലമായ സാഹചര്യത്തില്‍ സൂരജിന്റെ മൊഴി സി ബി ഐ വിശ്വാസത്തിലെക്കുകയായിരുന്നു.
അതേസമയം സൂരജിനെ കേസില്‍ നിന്ന് ഒഴിവാക്കുന്നത് ദൂരൂഹവും സംശയാസ്പദവുമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിച്ചു വരികയാണെന്നും കേസിലെ പരാതിക്കാര്‍ പറഞ്ഞു. സൂരജ് ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്ന സി ബി ഐയുടെ വാദം അവിശ്വസനീയാണ്. സൂരജിന്റെ വഴി വിട്ട ഇടപെടലുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ സി ബി ഐക്ക് ലഭിച്ചിട്ടുള്ളതാണ്. സൂരജിന്റെ പേരില്‍ മറ്റാരെങ്കിലുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെങ്കില്‍ അവരെ പുറത്തുകൊണ്ടുവരാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സൂരജിന്റെ പേരില്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെ ഓഫീസില്‍ നിന്ന് കലക്ടര്‍ക്ക് കത്തെഴുതിയത് സൂരജ് അല്ലെങ്കില്‍ മറ്റാരാണെന്ന് വ്യക്തമായിട്ടില്ല. അന്ന് ജില്ലാ കലക്ടറായിരുന്ന പി ഐ ഷെയ്ഖ് പരീതിനെ ചോദ്യം ചെയ്തിട്ടില്ല. റവന്യു മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നോ എന്നും വ്യക്തമാകേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കളമശ്ശേരി കേസില്‍ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഒമ്പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന സി ബി ഐയുടെ ആവശ്യം പരിഗണിച്ച് ആറു മാസത്തെ സമയം കൂടി കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി അനുവദിച്ചു. കഴിഞ്ഞ മാസം കോടതിയില്‍ സി ബി ഐ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.