പ്രതിപക്ഷം മൃതദേഹം വെച്ച് രാഷ്ട്രീയം കളിക്കുന്നു: രാജ്‌നാഥ് സിംഗ്

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 1:26 am
SHARE

lead
ന്യൂഡല്‍ഹി: വ്യാപം കേസില്‍ കോടതി നിര്‍ദേശം ഇല്ലാതെ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് 45ലധികം പേര്‍ ഇതിനകം ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ബി ജെ പി നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിംഗിന്റെ #പ്രതികരണം. ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ടെന്നും ഈ എസ് ഐ ടി സംസ്ഥാന സര്‍ക്കാറിന്റെ കീഴിലല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പ്രതികരിച്ചു. ഹൈക്കോടതി മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. അത്‌കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തെ സ്വാധീനിക്കുന്നുവെന്ന് പറയാനാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രതിപക്ഷം ഇല്ലാത്ത പ്രശ്‌നങ്ങളില്‍ നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. വിഷയത്തെ രാഷ്ട്രീയവത്കരിക്കുന്നത് ആര്‍ക്കും ഗുണകരമല്ല. എസ് ഐ ടി അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതിയോ സുപ്രീം കോടതിയോ വിലയിരുത്തിയാല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറാകും. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹരജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളുകയായിരുന്നുവെന്നും സിംഗ് പറഞ്ഞു.
മൃതദേഹങ്ങള്‍ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ് എന്ന് ബി ജെ പി ആരോപിച്ചു. ഇന്നലെ വ്യാപം പരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെട്ട പോലീസ് ട്രെയിനി ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ജബല്‍പൂരിലെ മെഡിക്കല്‍ കോളജ് ഡീനിനെ ഹോട്ടല്‍ മുറിയി ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസുമായി ബന്ധമുള്ളവര്‍ തുടര്‍ച്ചയായി മരിക്കാന്‍ തുടങ്ങിയതോടെയാണ് എട്ട് വര്‍ഷം പഴക്കമുള്ള കേസ് ഇപ്പോള്‍ വിവാദ കേ്ന്ദ്രമായിരിക്കുന്നത്.