Connect with us

National

ഗ്രീക്ക് പ്രതിസന്ധിയില്‍ രൂപയുടെ മൂല്യം ഇടിയും

Published

|

Last Updated

ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂനിയന്‍ രാജ്യമായ ഗ്രീസില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഇന്ത്യയും ആശങ്കയില്‍. കടക്കെണിയിലായ ഗ്രീസിന് പ്രത്യേക പാക്കേജ് അനുവദിക്കാനായി യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കും ഐ എം എഫും മുന്നോട്ട് വെച്ച നിബന്ധനകള്‍ അംഗീകരിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി ഹിതപരിശോധനയില്‍ സര്‍ക്കാര്‍ വിജയം വരിച്ചതോടെ ഗ്രീസ് യൂറോ സോണില്‍ നിന്ന് പുറത്തുകടക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഈ ഘട്ടത്തില്‍ ഇന്ത്യയടക്കമുള്ള വികസ്വര രാഷ്ട്രങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ഗ്രീക്ക് പ്രതിസന്ധി സ്വാധീനിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. യൂറോ കറന്‍സിയിലുണ്ടാകുന്ന തളര്‍ച്ച ഡോളറിനെ ശക്തിപ്പെടുത്തും. ഇത് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിച്ചേക്കാം. ഇടക്കാലത്ത് അല്‍പ്പം കയറി വന്ന രൂപയുടെ വിനിമയ മൂല്യം ഇടിയാന്‍ ഇത് കാരണമാകും.
എന്നാല്‍ ഗ്രീക്ക് പ്രതിസന്ധി ഇന്ത്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. “ഇത് അല്‍പ്പം കാലം കൂടി നില്‍ക്കുന്ന ഒരു നാടകം മാത്രമാണ്. പ്രശ്‌നം പരിഹരിക്കാന്‍ അവിടെ തിരക്കിട്ട ശ്രമം നടക്കുന്നുമുണ്ട്. എന്നാല്‍ ഇതൊന്നും ഇന്ത്യയെ ബാധിക്കില്ല. മൂന്ന് തരത്തില്‍ നാം സംരക്ഷിതമാണ്. ഒന്നാമതായി രാജ്യത്തിന്റെ പൊതു സാമ്പത്തികസ്ഥിതി സുസ്ഥിരമാണ്. രണ്ടാമതായി ആവശ്യത്തിന് വിദേശനാണ്യ ശേഖരം ഉണ്ട്. മൂന്നാമതായി ഏറ്റവും ആകര്‍ഷണീയമായ നിക്ഷേപ കേന്ദ്രമായി ഇന്ത്യ ഇപ്പോഴും നിലകൊള്ളുന്നുവെന്നതാണ്. അത്‌കൊണ്ട് താരതമ്യേന സുരക്ഷിതമായ നിലയിലാണ് ഇന്ത്യയുള്ളത്”- കേന്ദ്ര സര്‍ക്കാറിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു. രൂപയുടെ വിനിമയ മൂല്യത്തില്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടായേക്കാമെന്നത് മാത്രമായിരിക്കും പെട്ടെന്നുണ്ടാകുന്ന ആഘാതമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, പരോക്ഷ ആഘാതങ്ങള്‍ ഒഴിവാക്കാന്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയും ധനമന്ത്രാലയവും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്ന് ധനകാര്യ സെക്രട്ടറി രാജീവ് മെഹറിഷി പറഞ്ഞു. പരോക്ഷ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നത് തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഓഹരികളിലും ബോണ്ടുകളിലും ഇന്നലെ തകര്‍ച്ച പ്രകടമായിരുന്നു. നിക്ഷേപകര്‍ ഇന്ത്യ പോലുള്ള കമ്പോളത്തില്‍ നിന്ന് പിന്‍വലിഞ്ഞ് സുരക്ഷിതമായ ഇടങ്ങളിലേക്ക് നീങ്ങുമെന്ന ഭീതിയാണ് ഓഹരി, ബോണ്ട് വിപണിയിലെ തളര്‍ച്ചക്ക് കാരണം. നാഷനല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക ഒരു ശതമാനമാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 63.44 ല്‍ നിന്ന് 63.56 ലേക്ക് ഇടിഞ്ഞു.
ഇന്ത്യയില്‍ നിന്ന് പുറത്തേക്ക് മൂലധന ഒഴുക്ക് ഉണ്ടായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ധനകാര്യ സെക്രട്ടറിയും ഇത് ശരിവെക്കുന്നു. അത്തരമൊരു സാഹചര്യം നേരിടുന്നതിന് തന്ത്രങ്ങളാവിഷ്‌കരിക്കാന്‍ ആര്‍ ബി ഐയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ സോഫ്റ്റ്‌വെയര്‍, എന്‍ജിനീയറിംഗ് കയറ്റുമതിയെയാകും ഗ്രീക്ക് പ്രതിസന്ധി നേരിട്ട് ബാധിക്കുക. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇത്തരം കയറ്റുമതികള്‍ നടക്കുന്നത്. യു കെ, ഇറ്റലി, തുര്‍ക്കി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് പരോക്ഷ തിരിച്ചടിയുണ്ടായേക്കാമെന്ന് എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വൃത്തങ്ങള്‍ പറഞ്ഞു. നേരത്തേയുണ്ടായ മന്ദ്യത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മുന്‍കരുതല്‍ കൈകൊള്ളാന്‍ സമയം ലഭിച്ചുവെന്നും അതുകൊണ്ട് ദീര്‍ഘകാല പ്രതിസന്ധികള്‍ക്ക് ഇടമില്ലെന്നും ചില സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്.

Latest