ബ്രസീലിലെ ഉന്നതന്‍മാരുടെ ഫോണ്‍ വിളികളും യു എസ് ചാരന്‍മാര്‍ ചോര്‍ത്തി

Posted on: July 7, 2015 6:00 am | Last updated: July 7, 2015 at 12:46 am
SHARE

ബ്രസീലിയ: ബ്രസീലിയന്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ ഫോണ്‍ വിളികള്‍ ചോര്‍ത്തിയതിന് പുറമെ അമേരിക്കന്‍ ചാരന്‍മാര്‍ ഉന്നത രാഷ്ട്രീയ, ധനകാര്യ ഉദ്യോഗസ്ഥരേയും ലക്ഷ്യംവെച്ചതായി വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍. റൂസഫിന്റെ വിവരങ്ങള്‍ ചോര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാകാം ഇവരെ ലക്ഷ്യമിട്ടതെന്നാണ് വിവരം.
അമേരിക്കന്‍ ചാര സംഘടനയായ എന്‍ എസ് എ നിരീക്ഷിച്ച 29 ബ്രസീലിയന്‍ സര്‍ക്കാര്‍ ഫോണുകളുടെ ലിസ്റ്റ് വിക്കിലീക്‌സ് പ്രസിദ്ധപ്പെടുത്തി. ലിസ്റ്റ് വ്യക്തമാക്കുന്നത് റൂസഫ് മാത്രമല്ല ചാരപ്രവര്‍ത്തനത്തിന് വിധേയമായതെന്നും ഇവരുടെ സഹായി, സെക്രട്ടറി, ചീഫ് സ്റ്റാഫ്, കൊട്ടാരം ഓഫീസ്, പ്രസിഡന്റിന്റെ വിമാനത്തിലെ ഫോണ്‍ എന്നിവയും എന്‍ എസ് എ നിരീക്ഷിച്ചതായി വിക്കിലീക്‌സ് പ്രസ്താവനയില്‍ പറയുന്നു. ഔദ്യോഗിക യാത്രകളില്‍പോലും പ്രസിഡന്റ് ചാരപ്രവര്‍ത്തനത്തിന് വിധേയമാകുന്നതായും പ്രസ്താവനയിലുണ്ട്. വിക്കിലീക്‌സ് പുറത്ത് വിട്ട ലിസ്റ്റ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. 2013ല്‍ ഉയര്‍ന്നുപൊങ്ങിയ ചാരപ്രവര്‍ത്തന വിവാദം അമേരിക്കയും ബ്രസീലും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരിരുന്നു. ഇതിന്റെ ഭാഗമായി റൂസഫ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കിയിരുന്നു.