Connect with us

International

ഗ്രീക്ക് ധനമന്ത്രി രാജിവെച്ചു

Published

|

Last Updated

ഏഥന്‍സ്: കടപ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഗ്രീക്ക് ജനത തള്ളിയതിനെ തുടര്‍ന്ന് ധനമന്ത്രി യാനിസ് വറൗഫകിസ് രാജിവെച്ചു. കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയില്‍ 61 ശതമാനം പേരും രാജ്യാന്തര വായ്പ നേടാന്‍ കടുത്ത നിബന്ധനകള്‍ അംഗീകരിക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനോട് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. കടുത്ത നിബന്ധനകള്‍ പ്രായോഗികമായി ഗ്രീസിനെ തകര്‍ത്തുകളഞ്ഞതായി ധനമന്ത്രി അദ്ദേഹത്തിന്റെ ബ്ലോഗില്‍ നല്‍കിയ ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ ക്രെഡിറ്റേഴ്‌സുമായി പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന് പുതിയ കരാറിലെത്താന്‍ വേണ്ടി സ്ഥാനമൊഴിയുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ രാജിസംബന്ധിച്ചുള്ള വിശദീകരണം. ഹിതപരിശോധനാ ഫലം പുറത്തുവന്ന ഉടനെ ചില കാര്യങ്ങളെകുറിച്ച് താന്‍ ബോധവനായി എന്നും ബ്ലോഗില്‍ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇദ്ദേഹത്തിന്റ രാജി നേരത്തെ തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നതായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. യൂറോസോണില്‍പ്പെട്ട ധനമന്ത്രിമാരുമായി യാനിസിന്റെ ബന്ധം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. അതിനിടെ, ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചലെ മെര്‍ക്കലും ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസും കൂടിക്കാഴ്ചനടത്തി. ഇന്ന് നടക്കാനിരിക്കുന്ന സുപ്രധാന ഉച്ചകോടിയില്‍ യൂറോ സോണിലെ രാജ്യങ്ങള്‍ക്ക് മുമ്പാകെ ഗ്രീക്ക് പുതിയ നിര്‍ദേശം മുന്നോട്ടുവെക്കാന്‍ ധാരണയായി.

Latest