Connect with us

Kerala

മികച്ച പദ്ധതി നിര്‍വഹണം: ആസൂത്രണ ബോര്‍ഡ് പുരസ്‌കാരം പൊതുമരാമത്തിന്

Published

|

Last Updated

തിരുവനന്തപുരം: 2013-14 സാമ്പത്തിക വര്‍ഷത്തെ ഏറ്റവും മികച്ച പദ്ധതി നിര്‍വഹണത്തിനുള്ള ആസൂത്രണ ബോര്‍ഡ് പുരസ്‌കാരത്തിന് പൊതുമരാമത്ത് വകുപ്പ് അര്‍ഹമായി.
600 കോടി രൂപക്ക് മേല്‍ പദ്ധതി വിഹിതം ഉള്ള വകുപ്പുകളില്‍ ഏറ്റവും കാര്യക്ഷമമായി ഫണ്ട് ചെലവഴിച്ചതിനുള്ള ഒന്നാം സ്ഥാനമാണ് പൊതുമരാമത്ത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം നേടിയത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്ലാനിംഗ് ബോര്‍ഡ് ഇത്തരത്തില്‍ ഏര്‍പ്പെടുത്തുന്ന പ്രഥമ അവാര്‍ഡാണിത്. വകുപ്പുകളെയും, പദ്ധതി നടത്തിപ്പിനുള്ള ഏജന്‍സികളെയുമാണ് അവാര്‍ഡിന് പരിഗണിച്ചത്. സാമ്പത്തിക ചെലവിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
അവാര്‍ഡ് തുക, ട്രെയിനിംഗിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഉപയോഗപ്പെടുത്തണം. ശാസ്ത്രീയവും കുറ്റമറ്റതും സുതാര്യവുമായ അവാര്‍ഡ് നിര്‍ണയ രീതിയിലൂടെയാണ് ജേതാക്കളെ കണ്ടെത്തിയത്. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. അഡീ. ചീഫ് സെക്രട്ടറി ചെയര്‍മാനായ ജൂറിയും ഓരോ വകുപ്പിനും കിട്ടിയ മാര്‍ക്ക് വിലയിരുത്തി.
കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക് റിസേര്‍ച്ച്, നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയര്‍, കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ട്രഷറി വകുപ്പ്, ടെക്‌നോപാര്‍ക്ക്, ടൂറിസം ഡയറക്ടറേറ്റ്, സാമൂഹികനീതി ഡയറക്ടറേറ്റ്, ഡി പി ഐ, ലേബര്‍ കമ്മീഷണറേറ്റ്, കൃഷി ഡയറക്ടറേറ്റ്, കേരള ജല അതോറിറ്റി തുടങ്ങിയ ഏജന്‍സികളും വിവിധ വിഭാഗങ്ങളില്‍ അംഗീകാരം നേടി.
അവാര്‍ഡ്ദാനം ഈ മാസം 13ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരമാണ് ഈ ബഹുമതിയെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിംകുഞ്ഞ് പറഞ്ഞു.