ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ്; അപകടം തിരിച്ചറിയല്‍ പരീക്ഷ തുടങ്ങി

Posted on: July 6, 2015 8:16 pm | Last updated: July 6, 2015 at 8:32 pm
SHARE

rta
ദുബൈ: ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള പരീക്ഷകളില്‍ അപകടം തിരിച്ചറിയല്‍ പരീക്ഷകൂടി ഉള്‍പെടുത്തിയതായി ആര്‍ ടി എ ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ അഹമ്മദ് ബഹ്‌റൂസിയാന്‍ അറിയിച്ചു. ജൂലൈ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. ലഘുവാഹനങ്ങള്‍, ഭാരവാഹനങ്ങള്‍, ബസുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവയുടെ ലൈസന്‍സ് ലഭിക്കുന്നവര്‍ക്കെല്ലാം പരീക്ഷ ബാധകമാണ്. എഴുത്തുപരീക്ഷയുടെ ഭാഗമായിട്ടാണ് പുതിയ പരീക്ഷ. സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പുതിയ നിബന്ധന കൊണ്ടുവന്നിരിക്കുന്നത്. അപകടങ്ങള്‍ കുറക്കാന്‍ ഇത് കാരണമാകും. ഡ്രൈവര്‍മാരുടെ കാര്യശേഷി വര്‍ധിപ്പിക്കും.
വികസിത രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള ഒരു പരീക്ഷയുണ്ട്. ദുബൈയിലും അത് നടപ്പാക്കുകയാണ്. 2010ലാണ് എഴുത്തുപരീക്ഷ ആരംഭിച്ചത്. അതിന് ശേഷം രണ്ട് ലക്ഷത്തോളം പരീക്ഷകള്‍ നടന്നു. ഇത് ഡ്രൈവര്‍മാരുടെ കാര്യശേഷി വര്‍ധിപ്പിക്കാന്‍ കാരണമായി. അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളിലാണ് എഴുത്തുപരീക്ഷ. സെപ്തംബര്‍ മുതല്‍ ചൈനീസ്, ഇന്ത്യന്‍, റഷ്യന്‍ ഭാഷകളില്‍ പരീക്ഷ നടത്തും. മലയാളത്തിലും പരീക്ഷയെഴുതാന്‍ കഴിയും.
അപകടം തിരിച്ചറിയല്‍ പരീക്ഷ (റിസ്‌ക് റെക്കഗ്‌നീഷ്യന്‍ ടെസ്റ്റ്) നടത്തുന്നത് ഉന്നത സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. ഇതിന് വേണ്ടി ഹൈടെക് ത്രീഡി സാമഗ്രി ഉപയോഗപ്പെടുത്തും. ഇതില്‍ അഞ്ച് ചലന ദൃശ്യങ്ങളാണ് ഉണ്ടാവുക. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. 25 സെക്കന്റ് നീണ്ടുനില്‍ക്കുന്നതാണ് ഓരോ വീഡിയോയും. ഓരോ കാലാവസ്ഥയിലും എങ്ങനെ അപകടങ്ങള്‍ ഒഴിവാക്കാമെന്നും സുരക്ഷിതമായി എങ്ങിനെ വാഹനം ഓടിക്കാമെന്നും ഹൈടെക് ത്രീഡി പറഞ്ഞുതരും. ഏത് കാലാവസ്ഥയിലും വാഹനം ഓടിക്കാന്‍ ഇത് ഡ്രൈവര്‍മാരെ പര്യാപ്തമാക്കും. വിദ്യാലയ പരിസരങ്ങള്‍, മരുഭൂമിയുടെ സമീപ റോഡുകള്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍, കാല്‍നടയാത്രക്കാര്‍ കൂടുതലുള്ള സ്ഥലങ്ങള്‍, താമസ കേന്ദ്രങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ സുരക്ഷിതമായ ഡ്രൈവിംഗാണ് ലക്ഷ്യം. രാത്രികാലങ്ങളില്‍ മികച്ച രീതിയില്‍ വാഹനമോടിക്കാനും ഇത് ഗുണം ചെയ്യും. വ്യത്യസ്തമായ റോഡ് സാഹചര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് ഉയര്‍ന്ന നിയന്ത്രണ ബോധം ലഭ്യമാകും. ഇതുവഴി അപകടങ്ങള്‍ വന്‍തോതില്‍ കുറയുമെന്നും ബഹ്‌റൂസിയാന്‍ പറഞ്ഞു.