Connect with us

Kerala

അരുവിക്കര ഉപതിരഞ്ഞെടുപ്പ്: വി എസു ം പിണറായിയും ഒന്നിച്ച് വേദിയില്‍ വരേണ്ടിയിരുന്നുവെന്ന് പി ബി

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം അനുകൂലമായിട്ടും അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ജയിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം ഗൗരവമായി പരിശോധിക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ. അനുകൂലമായ സാഹചര്യം വേണ്ടത്ര ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. പ്രചാരണ രംഗത്ത് പിണറായി വിജയനും വി എസ് അച്യുതാനന്ദനും ഒരേ വേദിയില്‍ വരേണ്ടതായിരുന്നു എന്ന് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ഇതിന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കുമായിരുന്നു. നേതൃത്വം രണ്ട് വഴിക്കാണെന്ന സന്ദേശമാണ് ഇത് നല്‍കിയത്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ തോറ്റത്. യു ഡി എഫിന്റെ ഭരണ ദുരുപയോഗവും വര്‍ഗീയ ധ്രുവീകരണവും മൂലമാണ് സി പി എം സംസ്ഥാന ഘടകം പി ബിയില്‍ അറിയിച്ചു. ഭരണ ദുരുപയോഗം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കാണേണ്ടതായിരുന്നു.
പ്രചാരണം വി എസ് അച്യുതാനന്ദന്‍ നയിക്കുകയും പിണറായി വിജയന്‍ സംഘടനാ രംഗത്ത് നേതൃത്വം നല്‍കുകയും എം വിജയകുമാറിനെ പോലെ മികച്ച സ്ഥാനാര്‍ഥി ഉണ്ടാകുകയും ചെയ്തിട്ടും എങ്ങനെ തോല്‍വി ഉണ്ടായെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യു ഡി എഫ് സര്‍ക്കാറിനെതിരെയുള്ള ജനവികാരം പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്ക് ആയില്ല.
വി എസും പിണറായിയും ഒരേ വേദിയില്‍ വന്ന് ഐക്യത്തിന്റെ സന്ദേശം നല്‍കണമായിരുന്നു. ബി ജെ പിയെ പ്രതിരോധിക്കാനുള്ള പ്രചാരണം ശക്തിപ്പെടുത്തണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ പി ബി കേരളത്തിലെയും പശ്ചിമബംഗാളിലെയും ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ഇരുപത് വര്‍ഷം നവ ഉദാരവത്കരണ നയങ്ങള്‍ സമൂഹത്തില്‍ വരുത്തിയ മാറ്റത്തിനനുസരിച്ച് പാര്‍ട്ടി സംഘടന പരിഷ്‌കരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും പി ബിയില്‍ നടക്കും.
ആഗസറ്റ് ഒന്ന് മുതല്‍ 14 വരെ രാജ്യവ്യാപകമായി കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ പി ബി ചര്‍ച്ച ചെയ്യും. കൂടാതെ, പാര്‍ട്ടിക്ക് വിവിധ വിഭാഗങ്ങളില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്ന് പഠനസമിതികളുടെ റിപ്പോര്‍ട്ടുകളും പരിഗണനക്ക് വരും.

Latest