എസ് എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം; തലസ്ഥാനം യുദ്ധക്കളമായി

Posted on: July 6, 2015 11:49 am | Last updated: July 7, 2015 at 7:52 am
SHARE

sfi-march.jpg.image.784.410
സ്വന്തം ലേഖകര്‍
തിരുവനന്തപുരം/കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരുടെ കല്ലേറിലും പോലീസിന്റെ തിരിച്ചടിയിലും രണ്ട് മണിക്കൂറോളം തലസ്ഥാന നഗരം യുദ്ധക്കളമായി. എം ജി റോഡിലൂടെയുള്ള ഗതാഗതം മണിക്കൂറുകളോളം താറുമാറായി. കല്ലേറില്‍ വി ശിവന്‍കുട്ടി എം എല്‍ എക്കും പോലീസുകാര്‍ക്കും പരുക്കേറ്റു. ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റ എസ് എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയടക്കം മൂന്ന് പേരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ കന്റോണ്‍മെന്റ് സി ഐ. വി സുരേഷ്‌കുമാര്‍, മ്യൂസിയം സി ഐ. ജി എല്‍ അജിത്കുമാര്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പോലീസുകാര്‍ക്കും പരുക്കേറ്റു.
രാവിലെ 11 ഓടെ യൂനിവേഴ്‌സിറ്റി കോളജില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. നിയമസഭാ മന്ദിരത്തിന് ഇരുനൂറ് മീറ്ററോളം അകലെ യുദ്ധസ്മാരകത്തിന് സമീപം ബാരിക്കേഡുകള്‍ നിരത്തി പോലീസ് മാര്‍ച്ച് തടഞ്ഞു. മാര്‍ച്ചിന്റെ മുന്‍നിര ബാരിക്കേഡിന് സമീപത്തെിയപ്പോഴേക്കും പിന്നില്‍ നിന്ന് പോലീസിന് നേരെ കല്ലേറുണ്ടായി. കല്ലേറ് തുടര്‍ന്നതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവര്‍ത്തകരില്‍ കുറേപ്പേര്‍ ചിതറിയോടിയെങ്കിലും ഒരു വിഭാഗം സംഘടിച്ചെത്തി പോലീസിന് നേരെ കല്ലേറ് തുടരുകയായിരുന്നു. തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഒപ്പം ലാത്തിച്ചാര്‍ജും ആരംഭിച്ചു. കല്ലേറില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരുക്കേറ്റു. പാളയത്ത് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ കെ എസ് ആര്‍ ടി സി ബസിനും സ്വകാര്യ വാഹനങ്ങള്‍ക്കും നേരെ അക്രമാസക്തരായ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. യൂനിവേഴ്‌സിറ്റി കോളജിനകത്തു നിന്ന് കല്ലേറ് തുടര്‍ന്നപ്പോള്‍ കോളജിനകത്തേക്കും പോലീസ് ഗ്രനേഡുകളും കണ്ണീര്‍ വാതക ഷെല്ലുകളും എറിഞ്ഞു.
സംഭവമറിഞ്ഞ് നിയമസഭയില്‍ നിന്നിറങ്ങിവന്ന വി ശിവന്‍കുട്ടി എം എല്‍ എ കല്ലെറിയരുതെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ഡി സി പി സഞ്ജയ്കുമാര്‍ ഗോറിയുമായി വി ശിവന്‍കുട്ടി എം എല്‍ എ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്മാറിയെങ്കിലും വീണ്ടും എസ് എഫ് ഐക്കാര്‍ കല്ലെറിയുകയായിരുന്നു. കല്ലേറിനിടെ വി ശിവന്‍കുട്ടിക്കും പരുക്കേറ്റു. എം എല്‍ എമാരായ എ കെ ബാലന്‍, ഇ പി ജയരാജന്‍, ശ്രീരാമകൃഷ്ണന്‍, ടി വി രാജേഷ്, ഡി വൈ എഫ് ഐ നേതാവ് എ എ റഹിം തുടങ്ങിയവരും സ്ഥലത്തെത്തി ഏറെ നേരം പണിപ്പെട്ട് പ്രവര്‍ത്തകരെ ശാന്തമാക്കി. തുടര്‍ന്ന് യൂനിവേഴ്‌സിറ്റി കോളജിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നേതാക്കള്‍ സംസാരിച്ചു.
കോഴിക്കോട് ഡി ഡി ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും അക്രമാസക്തമായി. ഒരുമണിക്കൂറോളം പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി. പോലീസുകാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ പതിമൂന്ന് പേര്‍ക്ക് പരുക്കേറ്റു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അതല്ലെങ്കില്‍ വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നും സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു.