നക്‌സലൈറ്റുകളുമായി ചര്‍ച്ചക്ക് തയാറെന്ന് ചെന്നിത്തല

Posted on: July 6, 2015 5:41 am | Last updated: July 6, 2015 at 3:42 am
SHARE

Ramesh chennithala

തിരുവനന്തപുരം: നക്‌സലൈറ്റുകള്‍ ജനാധിപത്യത്തിന്റെ പാതയിലേക്ക് കടന്നുവരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നക്‌സലൈറ്റുകള്‍ അക്രമം ഉപേക്ഷിക്കണം. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. അവ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച മുന്‍മുഖ്യമന്ത്രി കെ കരുണാകരന്റെ 97-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
നക്‌സലൈറ്റുകളെ അമര്‍ച്ച ചെയ്യാന്‍ ധീരമായ പ്രവര്‍ത്തനങ്ങളാണ് കെ കരുണാകാരന്‍ നടത്തിയത്. അല്ലെങ്കില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളവും അവരുടെ താവളമായേനെ. അദ്ദേഹത്തോട് കേരള ജനത എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ അദ്ദേഹം രാഷ്ട്രീയത്തില്‍ താഴെ തട്ടുമുതല്‍ പ്രവര്‍ത്തിച്ചാണ് പൊതുജീവിതത്തിലെ ഉന്നത നേട്ടങ്ങള്‍ സ്വന്തമാക്കിയത്. ജനങ്ങള്‍ക്ക് കരുണാക രനോടും അദ്ദേഹത്തിന് ജനങ്ങളോടും വിശ്വാസമുണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ശക്തിയെന്നും ചെന്നിത്തല പറഞ്ഞു.
കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി സ്വാഗതവും ശൂരനാട് രാജശേഖരന്‍ നന്ദിയും പറഞ്ഞു. കെ പി സി സി വൈസ് പ്രസിഡന്റുമാരായ പിതാംബര കുറുപ്പ്, എം എം ഹസന്‍, ചലചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ, കെ പി സി സി ജനറല്‍ സെക്രട്ടറി ടി ശരത്ചന്ദ്ര പ്രസാദ, സെക്രട്ടറി മണ്‍വിള രാധാകൃഷ്ണന്‍, ഡി സി സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.