കൃഷിക്കാര്‍ക്ക് അഗ്രി കാര്‍ഡ് ലഭിച്ചില്ല; ബജറ്റ് പ്രഖ്യാപനം പാഴായി

Posted on: July 6, 2015 6:00 am | Last updated: July 6, 2015 at 3:36 am
SHARE

കണ്ണൂര്‍: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വായ്പയും മറ്റ് സര്‍ക്കാര്‍ സഹായങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനു ആവിഷ്‌കരിച്ച അഗ്രി കാര്‍ഡ് വിതരണം പൂര്‍ണമായും നിലച്ചു. കഴിഞ്ഞ ബജറ്റില്‍ കര്‍ഷക ക്ഷേമത്തിനെന്ന പേരില്‍ പ്രധാനമായും പ്രഖ്യാപിച്ച ഒരു പുതിയ പദ്ധതിയായിരുന്നു അഗ്രി കാര്‍ഡ്. രജിസ്റ്റര്‍ ചെയ്ത 18.77 ലക്ഷം ഉടന്‍ അഗ്രികാര്‍ഡ് നല്‍കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. പദ്ധതിയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് ചുരുക്കം ചിലര്‍ക്കുമാത്രം കാര്‍ഡ് നല്‍കിയതൊഴിച്ചാല്‍ പിന്നീടിതുവരെ ഒരാള്‍ക്കുപോലും കാര്‍ഡ് നല്‍കാനായിട്ടില്ലെന്ന് കൃഷിവകുപ്പ് തന്നെ സമ്മതിക്കുന്നു. കര്‍ഷകര്‍ക്ക് വായ്പയും മറ്റ് സര്‍ക്കാര്‍ സഹായങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനൊപ്പം കര്‍ഷകരുടെ ആധികാരിക രേഖയായിക്കൂടി അഗ്രി കാര്‍ഡിനെ കണക്കാക്കുന്നുണ്ട്. കര്‍ഷകരെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ചേര്‍ത്താണ് കാര്‍ഡ് തയ്യാറാക്കുന്നത്. സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങള്‍, വായ്പകള്‍ എന്നിവ നല്‍കുന്നതിന് ഇനി അഗ്രികാര്‍ഡ് ഹാജരാക്കിയാല്‍ മതിയാവുമെന്നും സര്‍ക്കാര്‍ പ്രഖ്യാപനമുണ്ടായിരുന്നു. ഇതോടൊപ്പം ബേങ്കുകളില്‍ നിന്ന് 4.1 ശതമാനം പലിശനിരക്കില്‍ കാര്‍ഷിക വായ്പയും ഏഴു ശതമാനം നിരക്കില്‍ മധ്യകാലദീര്‍ഘകാല വായ്പകളും അഗ്രികാര്‍ഡുള്ളവര്‍ക്ക് നല്‍കും. ഇതിന്റെ 50 ശതമാനം പലിശ സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് ബജറ്റില്‍ പറഞ്ഞിരുന്നു. ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ ഉടന്‍ തന്നെയാണ് തിരുവനന്തപുരത്ത് കാര്‍ഡിന്റെ വിതരണോദ്ഘാടനം നടന്നത്. പിന്നീട് ഓരോ പഞ്ചായത്തിലും രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ കര്‍ഷകര്‍ക്കും ഉടന്‍തന്നെ കാര്‍ഡുകള്‍ നല്‍കുമെന്ന് അറിയിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. അതേ സമയം വര്‍ധിച്ച സാമ്പത്തക ബാധ്യത മൂലമാണ് കാര്‍ഡ് വിതരണം നിലച്ചതെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനിടെ കാര്‍ഡ് വിതരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി കാനറാ ബേങ്കിനെ നോഡല്‍ ബാങ്കായി നിയമിച്ചിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് കൃഷി മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിട്ടുള്ളത്.