ഗുണനിലവാര പരിശോധനയില്‍ വീഴ്ച; തമിഴ്‌നാട്ടില്‍ നിന്ന് പാലൊഴുകുന്നു

Posted on: July 6, 2015 5:12 am | Last updated: July 6, 2015 at 3:17 am
SHARE

277893-milk
പാലക്കാട്: കേരളത്തിലെത്തുന്ന അന്യസംസ്ഥാന പാലിന്റെ ഗുണനിലവാര പരിശോധന ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നു. ഇതിനുള്ള അധികാരം ക്ഷീരവികസന വകുപ്പില്‍ നിന്ന് എടുത്തു മാറ്റിയതാണ് ഗുണനിലവാര പരിശോധനയെ ബാധിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പിനാണ് ഇതിനുള്ള അധികാരം. അതിര്‍ത്തി മേഖലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ പാല്‍ എത്തുന്നുണ്ടെന്ന് ക്ഷീരവികസന വകുപ്പ് കണ്ടെത്തി. ഇതിന്റെ ഗുണനിലവാരത്തെപ്പറ്റിയും ആശങ്കകളുണ്ട്.
കുറഞ്ഞ വിലക്ക് തമിഴ്‌നാട്ടിലെ കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിച്ച് സംഘങ്ങള്‍ക്ക് നല്‍കാന്‍ ഏജന്റുമാരുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൃത്രിമ പാല്‍ എത്തുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. പാലിന് കൊഴുപ്പുണ്ടാക്കുന്നതിന് വേണ്ടി മാരകമായ വിഷാംശം കലര്‍ന്ന ലായനികള്‍ ചേര്‍ക്കുന്നുണ്ടെന്നാണ് പറയുന്നത്. മാരക രോഗങ്ങള്‍ പിടിപെടുന്നതിനിടയാക്കുന്ന ഇത്തരം പാലിന്റെ വരവ് തടയണമെന്നാവശ്യം നിലനില്‍ക്കെയാണ് അന്യസംസ്ഥാന സ്വകാര്യ കമ്പനികളുടെ പാല്‍ പാക്കറ്റുകള്‍ യാതൊരു പരിശോധനയുമില്ലാതെ വാളയാര്‍ ചെക്ക് പോസ്റ്റ് കടന്ന് സംസ്ഥാനത്തെത്തുന്നത്.
ജൂണില്‍ ദിനേന ശരാശരി 2,35,000 ലിറ്റര്‍ പാലാണ് പാലാക്കാട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങള്‍ ശേഖരിച്ചത്. ഇതില്‍ ഇരുപത്തിയഞ്ച് ശതമാനവും തമിഴ്‌നാട് പാലാണെന്നാണ് ക്ഷീരവികസന വകുപ്പിന്റെ കണക്ക്. ഇതോടൊപ്പം സ്വകാര്യ കമ്പനികളുടെ പാക്കറ്റ് പാലും എത്തുന്നുണ്ട്.
ക്ഷീരവികസന വകുപ്പില്‍ ഗുണനിലവാര പരിശോധനക്ക് ലാബുകളും ജീവനക്കാരുമുണ്ട്. എന്നാല്‍, ആവശ്യത്തിന് ജീവനക്കാരും സംവിധാനങ്ങളുമില്ലാത്തതിനാല്‍ ഭക്ഷ്യ വകുപ്പിന്റെ പരിശോധന നടക്കാറില്ല. പാല്‍ കൂടുതല്‍ എത്തുന്ന വിശേഷാവസരങ്ങളില്‍ മാത്രമാണ് പരിശോധന. നേരത്തെ സംഘങ്ങളില്‍ നേരിട്ട് ചെന്ന് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയിരുന്നു. നിലവില്‍ പത്തോളം സ്വകാര്യ കമ്പനികളുടെ പാക്കറ്റ് പാലുകള്‍ ജില്ലയില്‍ മാത്രം എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.