മഹാരാജാസ് കോളജ് സ്വയംഭരണം: സമരം പിന്‍വലിച്ചു

Posted on: July 6, 2015 5:08 am | Last updated: July 6, 2015 at 3:14 am
SHARE

maharajas

തിരുവനന്തപുരം എറണാകുളം മഹാരാജാസ് കോളജിന്റെ സ്വയം ഭരണ പദവി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള അനിശ്ചിതകാല സമരം പിന്‍വലിച്ചു. 54 ദിവസമായി സമരം നടന്നുവരികയായിരുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സമരക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സമരസമിതി ഉന്നയിച്ച ചില ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സ്വാശ്രയ കോഴ്‌സുകള്‍ ആരംഭിക്കരുതെന്നും ഫീസില്‍ മാറ്റം വരുത്തരുതെന്നുമുള്ള ആവശ്യവും അംഗീകരിച്ചു. നിലവിലുള്ള രണ്ട് സ്വാശ്രയ കോഴ്‌സുകള്‍ എയ്ഡഡ് കോഴ്‌സാക്കും.
മഹാരാജാസിന്റെ സ്വയംഭരണം പിന്‍വലിക്കണമെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം. ഉറപ്പുകള്‍ ലംഘിച്ചാല്‍ വീണ്ടും സമരം നടത്തുമെന്ന് സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. സമരത്തെ തുടര്‍ന്ന് ക്ലാസുകള്‍ തടസപ്പെട്ടിരുന്നു.
എ കെ ജി സി ടിയുടെയും എസ് എഫ് ഐയുടെയും സംസ്ഥാന നേതാക്കളും കലക്ടര്‍ എം ജി രാജമാണിക്യം, കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ശശി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ന് മുതല്‍ ക്ലാസ്സുകള്‍ സാധാരണരീതിയില്‍ നടക്കും. യു ജി സിയുടെ സ്വയംഭരണം നല്‍കുന്ന പദ്ധതി നടപ്പിലാക്കേണ്ടെന്നാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ആ തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്നാക്കംപോയി. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ മഹാരാജാസില്‍ സ്വയംഭരണം നടപ്പിലാക്കാനുള്ള നടപടി പൂര്‍ത്തിയായിരുന്നു. അതേസമയം സര്‍ക്കാര്‍ മേഖലയില്‍ തലശേരി ബ്രണ്ണന്‍ കോളജിലും സ്വയംഭരണം നടപ്പിലാക്കാനുള്ള നീക്കം നടത്തിയിരുന്നുവെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. കോളജുകള്‍ക്ക് സ്വയംഭരണം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരായ സമരം ശക്തമായി തുടരുമെന്ന് എസ് എഫ് ഐ പറഞ്ഞു.