Connect with us

Articles

യാചനയില്‍ നിന്നും മോചനം

Published

|

Last Updated

ചോരത്തിളപ്പുള്ള ചെറുപ്പക്കാരന്‍ തിരുനബി സവിധത്തില്‍ വന്നുകൊണ്ട് പറഞ്ഞു, “വല്ലതും തരണം മറ്റൊരു മാര്‍ഗവുമില്ല” നബി (സ) ചോദിച്ചു നിന്റെ വീട്ടില്‍ ഒന്നുമില്ലേ? അയാള്‍ പറഞ്ഞു പുതക്കാന്‍ ഉപയോഗിക്കുന്ന ഒരു പുതപ്പുണ്ട്. എങ്കില്‍ അതുകൊണ്ടുവാ. അയാള്‍ വീട്ടിലേക്കോടി പുതപ്പുമായി വന്നു. നബി (സ) അനുചരന്മാരോട് ചോദിച്ചു. ഈ പുതപ്പു വില്‍ക്കുകയാണ് ആര് വാങ്ങും? ഒരാള്‍ പറഞ്ഞു ഒരു ദിര്‍ഹം തരാം. തരില്ല നബി (സ) പ്രതികരിച്ചു. മറ്റൊരാള്‍ രണ്ടു ദിര്‍ഹം പറഞ്ഞു. ആ പുതപ്പ് അയാള്‍ക്കു വിറ്റു.
ദിര്‍ഹമുകള്‍ യാചകനെ ഏല്‍പ്പിച്ചുകൊണ്ട് മുത്ത് നബി (സ) പറഞ്ഞു. ഇതില്‍ ഒരു ദിര്‍ഹമിന് വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ വാങ്ങുക. ഒരു ദിര്‍ഹം കൊണ്ട് കോടാലി വാങ്ങി ഇങ്ങോട്ടു വരിക. അയാള്‍ അപ്രകാരം വന്നു. നബി (സ) തന്റെ കൈകൊണ്ട് തന്നെ അതിന് മരപ്പിടി ഉറപ്പിച്ചുകൊടുത്തു കൊണ്ട് പറഞ്ഞു. ഇനി താങ്കള്‍ മലയില്‍ പോയി വിറക് വെട്ടി ചന്തയില്‍ വില്‍ക്കുക. കിട്ടുന്ന പണത്തില്‍ നിന്നും ഒരുഭാഗം കൊണ്ട് വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങുക, ബാക്കി സൂക്ഷിച്ചു വെക്കുക. പതിനഞ്ച് ദിവസങ്ങള്‍ക്കു ശേഷം എന്നെ വന്നു കാണണം.
അയാള്‍ മലകയറി വിറകുവെട്ടി ചന്തയില്‍ വിറ്റു. രണ്ട് ദിര്‍ഹം ലഭിച്ചു. ഒരു ദിര്‍ഹമിനു അത്യാവശ്യ വീട്ടു സാധനങ്ങള്‍ വാങ്ങി ബാക്കി എടുത്തു വെച്ചു. സമ്പാദിക്കുന്നതിന്റെ മധുരം അയാള്‍ അനുഭവിച്ചു. ജോലി തുടര്‍ന്നു, പതിനഞ്ച് ദിവസം കഴിഞ്ഞ് നബി (സ) യെ സമീപിക്കുമ്പോള്‍ എല്ലാം കഴിച്ച് 10 ദിര്‍ഹമിന്റെ മുതലാളിയായി യാചകന്‍ മാറിയിരുന്നു. സന്തോഷത്തോടെ നബി (സ) പറഞ്ഞു. ഇതില്‍ നിന്നും ഒരുഭാഗം ഉപയോഗിച്ച് നീ നല്ലൊരു പുതപ്പു വാങ്ങുക. അയാള്‍ യാചന എന്നെന്നേക്കുമായി ഉപേക്ഷിച്ചു. അദ്ധ്വാനത്തിന്റെ മഹത്വം പഠിച്ചു. നബി (സ) അയാളെ അതു പഠിപ്പിച്ചു.
ഓര്‍ത്തുനോക്കൂ. ജീവിത യാത്രയില്‍ എത്രയാ ചകരെ നാമൊക്കെ കണ്ട് മുട്ടിയിട്ടുണ്ടാകും. ചിലപ്പോള്‍ ഓടിക്കുകയും, അല്ലെങ്കില്‍ വല്ല നക്കാപ്പിച്ചയും കൊടുത്ത് “ശല്യം” ഒഴിവാക്കിയിട്ടുമുണ്ടാവും. ഇതിനുപകരം അയാളുടെ യാചനയിലേക്ക് നയിച്ച പശ്ചാത്തലം ചോദിച്ചറിയാനും, അധ്വാനിക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള വല്ല ശേഷിയും അയാളില്‍ ബാക്കിയുണ്ടെങ്കില്‍ അതിനു പ്രേരണ നല്‍കാനുമാണ് നാം ശ്രമിക്കേണ്ടത്. “”യാചകന്‍ മാംസം മുഴുവന്‍ കൊഴിഞ്ഞുപോയ മുഖവുമായിട്ടായിരിക്കും അന്ത്യദിനത്തില്‍ മഹ്ശറയില്‍ എത്തിച്ചേരുക””. എന്ന തിരുവചനം ഓര്‍മപ്പെടുത്തുക.

---- facebook comment plugin here -----

Latest