പാഠപുസ്തക വിവാദം; അബ്ദുര്‍റബ്ബിനെതിരെ കരിങ്കൊടി കാണിച്ചും നിലവിളക്ക് കൊളുത്തിയും പ്രതിഷേധം

Posted on: July 6, 2015 6:00 am | Last updated: July 6, 2015 at 2:38 am
SHARE

കോഴിക്കോട്: പാഠപുസ്തക വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന് നേരെ കോഴിക്കോട്ട് ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും പ്രതിഷേധം.
കരിങ്കൊടി കാണിച്ചും നിലവിളക്ക് കൊളുത്തിയുമാണ് മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. ഓണപരീക്ഷയാകാറായിട്ടും പാഠപുസ്തകങ്ങള്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഇടതുയുവജന വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കെ പി കേശവമേനോന്‍ ഹാളില്‍ സ്‌നേഹസ്പര്‍ശം വെബ്‌സൈറ്റിന്റെ ലോഞ്ചിംഗിനെത്തിയതായിരുന്നു മന്ത്രി.
13 ഡി വൈ എഫ് ഐ പ്രവര്‍ത്തകരെയും നാല് എസ് എഫ് ഐ പ്രവര്‍ത്തകരെയും കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചതായി കസബ സി ഐ. ഇ സുനില്‍കുമാര്‍ അറിയിച്ചു. ഉദ്ഘാടനത്തിനായി മന്ത്രി ഹാളിലിരിക്കുമ്പോഴാണ് പുറത്ത് ഡി വൈ എഫ് ഐയുടെ പ്രതിഷേധം നടന്നത്. ഹാളിന് പുറത്ത് പ്രതിഷേധിക്കാന്‍ ശ്രമിച്ച ഡി വൈ എഫ് ഐ കോഴിക്കോട് ടൗണ്‍ ബ്ലോക്ക് സെക്രട്ടറി പ്രമോദ് കോട്ടൂളിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെ പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിഷേധം തുടരുകയും ചെയ്തു.
മന്ത്രിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൗത്ത് എ സി എ ജെ ബാബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമാണ് ഹാളിന് പുറത്തുണ്ടായിരുന്നത്. പിന്നീട് വേദിക്ക് നൂറു മീറ്ററകലെയാണ് റെഡ് വളണ്ടിയറുടെ വസ്ത്രം ധരിച്ച കുട്ടികളടക്കമുള്ളവര്‍ ചേര്‍ന്ന് പോലീസിന്റെ മധ്യത്തില്‍ നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചത്. തുടര്‍ന്ന് പോലീസ് ഇവരെ സംഭവസ്ഥലത്ത് നിന്ന് കരുതല്‍ അറസ്റ്റ് ചെയ്ത് നീക്കം ചെയ്യുകയായിരുന്നു.
അതേസമയം ചടങ്ങ് കഴിഞ്ഞ് മന്ത്രി പുറത്തിറങ്ങിയപ്പോള്‍ റോഡില്‍ വെച്ച് ഏതാനും എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കരിങ്കൊടിയുമായി വിദ്യാഭ്യാസ മന്തിയുടെ കാറിന് നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് തടഞ്ഞു.