ടുണീഷ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Posted on: July 6, 2015 5:21 am | Last updated: July 5, 2015 at 11:57 pm
SHARE

cid essabesy
ടുണിസ്: ടുണീഷ്യയില്‍ 38 വിദേശികളുടെ ജീവനെടുത്ത ബീച്ച് ഹോട്ടല്‍ ആക്രമണത്തെത്തുടര്‍ന്ന് പ്രസിഡന്റ് ബെയ്ജി സെയ്ദി അസ്സബ്‌സി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ഭീഷണികള്‍ കാരണം രാജ്യം ആഭ്യന്തര യുദ്ധത്തെ അഭിമുഖീകരിക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.
ടുണിസിലെ ബാര്‍ദൊ മ്യൂസിയത്തിലുണ്ടായ മാരക ആക്രമണത്തിന് ശേഷം കഴിഞ്ഞ ആഴ്ച നടന്ന ബീച്ച് ഹോട്ടല്‍ ആക്രമണം 2011ലെ വിപ്ലവത്തിന് ശേഷം ജനാധിപത്യത്തെ പുല്‍കാന്‍ ശ്രമിക്കുന്ന വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയെ ഞെട്ടിച്ചിരിക്കുകയാണ്. തീവ്രവാദ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അസ്സബ്‌സി ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. തുടര്‍ച്ചയായ ഭീഷണികള്‍ രാജ്യത്തെ ആഭ്യന്തര യുദ്ധത്തില്‍ കൊണ്ടെത്തിക്കുമെന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നേരത്തെ ഉണ്ടായിരുന്ന അടിയന്തരാവസ്ഥ 2014 മാര്‍ച്ചിലാണ് പിന്‍വലിച്ചത്. വിപ്ലവത്തിന് ശേഷം രാജ്യം നിരവധി ആക്രമണങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നിരവധി പോലീസുകാരും സൈനികരുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൗസി നഗരത്തിലെ ബീച്ച് ഹോട്ടലില്‍ ജൂണ്‍ 26നാണ് ആക്രമണം നടന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തലസ്ഥാനത്തെ മ്യൂസിയത്തില്‍ നടന്ന ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബീച്ച് ഹോട്ടലില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസില്‍ തീവ്രവാദി സംഘടന ഏറ്റെടുത്തിരുന്നു. കുടക്കുള്ളില്‍ തോക്ക് ഒളിപ്പിച്ചുവെച്ച് ബീച്ചിലെത്തിയ 23കാരനാണ് ആക്രമണം നടത്തിയത്.