റാഗിംഗിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിക്ക് മര്‍ദനം

Posted on: July 6, 2015 5:35 am | Last updated: July 5, 2015 at 11:46 pm
SHARE

ചേര്‍ത്തല: റാഗിംഗിനെക്കുറിച്ച് പരാതി നല്‍കിയതിന് മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിയുടെ വലതു കണ്ണിന് സാരമായ ക്ഷതം സംഭവിച്ചതായി മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. മുഖത്തെ അസ്ഥിക്കും ഒടിവുണ്ട്. ആലപ്പുഴ മെഡിക്ക ല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന പാല പൂവരണി പുളിമൂട്ടില്‍ ജിസ്‌മോന്‍ സെബാസ്റ്റ്യന്‍ (23)ആണ് ചേര്‍ത്തലയിലെ സ്വകാര്യ ഐടിഐ കോളജില്‍ ആക്രമിക്കപ്പെട്ടത്.
ചേര്‍ത്തല കോടതി കവലക്ക് സമീപമുള്ള സ്വകാര്യ ഐ ടി ഐ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ് ജിസ്‌മോന്‍. സീനിയര്‍ വിദ്യാര്‍ഥികള്‍ ജിസ്‌മോനെ പലതരത്തില്‍ ഉപദ്രവിച്ചിരുന്നതായി പറയുന്നു. ഇവരുടെ ശല്യം സഹിക്കവയ്യാതെ ജിസ്‌മോന്‍ കഴിഞ്ഞ 26ന് ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു.
ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസം സീനിയര്‍ വിദ്യാര്‍ഥികള്‍ ജിസ്‌മോനെ ക്ലാസ് മുറിയിലിട്ട് ചവിട്ടുകയും ഭിത്തിയില്‍ ചേര്‍ത്തുവച്ച് ഇടിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ജിസ്‌മോന്റെ മൊഴി രേഖപ്പെടുത്തി ചേര്‍ത്തല പോലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം തുടങ്ങിയതായും റാഗിംഗ് നടന്ന കോളജില്‍ ഇന്ന് സാക്ഷികളുടെ മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.