Connect with us

Alappuzha

ഹരികൃഷ്ണന്റെ ജീവനായി നാടൊരുമിച്ചു; നാല് മണിക്കൂറില്‍ സമാഹരിച്ചത് 10 ലക്ഷം രൂപ

Published

|

Last Updated

ചേര്‍ത്തല: വൃക്ക തകരാറിലായ ഹരികൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ ഗ്രാമം ഒന്നടങ്കം കൈകോര്‍ത്തപ്പോള്‍ നാല് മണിക്കൂര്‍ കൊണ്ട് സമാഹരിച്ചത് പത്തുലക്ഷത്തോളം രൂപ. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മംഗലത്ത് വീട്ടില്‍ അനില്‍കുമാര്‍- സബിത ദമ്പതികളുടെ മകനാണ് 11 വയസുള്ള ഹരികൃഷ്ണന്‍. മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വര്‍ഷങ്ങളായി വൃക്കരോഗത്തിന് ചികിത്സയിലാണ് ഈ വിദ്യാര്‍ഥി. ഇതിനകം വന്‍തുക ചികിത്സക്കായി ചെലവായി.
മത്സ്യത്തൊഴിലാളി കുടുംബമാണ് ഹരികൃഷ്ണന്റെത്. വൃക്ക മാറ്റിവെക്കല്‍ മാത്രമാണ് ജീവന്‍ രക്ഷിക്കാന്‍ പോംവഴി. ഹരികൃഷ്ണന്റെ അമ്മ സബിതയുടെ വൃക്കകളിലൊന്ന് ഹരികൃഷ്ണന് നല്‍കും. ശസ്ത്രക്രയക്കും ഇരുവരുടെയും തുടര്‍ ചികിത്സക്കും പത്ത് ലക്ഷത്തോളം രൂപയാണ് വേണ്ടത്. ഇത്രയും തുക സമാഹരിക്കാനാണ് ഇന്നലെ പള്ളിപ്പുറം ഗ്രാമം ഒന്നായത്. ഇന്നലെ ഒരുമണിയോടെ 9,80,000 രൂപ സമാഹരിച്ചിരുന്നു. ഇതറിഞ്ഞ ഒരു വ്യക്തി ഇരുപതിനായിരം രൂപ നല്‍കിയതോടെ അത് പത്ത് ലക്ഷം തികച്ചു.
ഫാ. ജോസ് ഒഴലക്കാട്ട് ചെയര്‍മാനായ ധനസമാഹരണയജ്ഞത്തിന് പഞ്ചായത്ത് പ്രസിഡന്റ് ടി കെ ശശികല, കൈവല്യഗ്രാമം ട്രസ്റ്റ് പ്രസിഡന്റ് ടി കെ മുരളി, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍, രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി യവര്‍ നേതൃത്വം നല്‍കി. ഇവര്‍ പഞ്ചായത്തിലെ ഒരോ വീടിലും ചെന്ന് ധനസമാഹരണം നടത്തി.
ഇന്നലെ തന്നെ പള്ളിപ്പുറം വില്ലേജ് സഹകരണ ബാങ്കില്‍ ഇതിനായി രൂപീകരിച്ച അക്കൗണ്ടിലേക്ക് തുക മാറ്റി.

Latest