Connect with us

Kannur

കേരളം ഭരിക്കുന്നത് വര്‍ഗീയ ശക്തികള്‍ക്ക് കീഴടങ്ങിയ മന്ത്രിമാരും മന്ത്രിസഭയും: ഇ പി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: വര്‍ഗീയ ശക്തികള്‍ക്ക് കീഴടങ്ങിയ കുറെ മന്ത്രിമാരും മന്ത്രിസഭയുമാണ് കേരളത്തെ ഭരിക്കുന്നതെന്ന് ഇ പി ജയരാജന്‍ എം എല്‍ എ. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പുതുതലമുറയെ ബുദ്ധിപരമായി വളര്‍ത്തിയെടുത്ത് അറിവില്ലായ്മയുടെ തീവ്രത കുറച്ച് ഉന്നതങ്ങളിലെത്തിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. എങ്ങനെ ലാഭം കണ്ടെത്താം എന്ന ഭരണനയമാണ് ഇന്ന് വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന പ്രശ്‌നം. അധ്യാപകര്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യങ്ങളെല്ലാം വെട്ടിച്ചുരുക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന പെന്‍ഷനില്‍ മാറ്റം വരുത്തി. എസ് എസ് എല്‍ സിയും പ്ലസ് ടുവും കഴിഞ്ഞ പകുതിയിലധികം വിദ്യാര്‍ഥികള്‍ക്കും ഗവണ്‍മെന്റ് തലത്തില്‍ പ്രവേശിക്കാന്‍ കഴിയാതെ വരുന്നു. സ്‌കൂള്‍ പ്രവേശന അലോട്ട്‌മെന്റുകള്‍ രണ്ട് തവണ മാത്രം നടത്തുന്നു.
വിദ്യാഭ്യാസത്തെ ഗവണ്‍മെന്റില്‍ നിന്നും പരിച്ചു മാറ്റാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കണമെന്നറിയാത്ത വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് ഇനിയും എസ് എസ് എല്‍ സി പാസായ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല.
പാഠപുസ്തകങ്ങള്‍ ഇനിയും വിതരണം ചെയ്യാനുണ്ട്. പൊതുതാത്പര്യം നോക്കാതെ അഴിമതിക്കായി തയ്യാറാക്കിയതാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും അദ്ദേഹം പറഞ്ഞു.
എന്‍ ടി സുധീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ ജെ ഹരികുമാര്‍, കെ കെ പ്രകാശന്‍, എ കെ ബീന, പി സി ഗംഗാധരന്‍, പി ആര്‍ വസന്ത് കുമാര്‍, വി സുജാത എന്നിവര്‍ പ്രസംഗിച്ചു.

Latest