പ്രവാസി വോട്ടവകാശത്തിന് കടമ്പകള്‍ തീരുന്നു

Posted on: July 5, 2015 6:28 pm | Last updated: July 5, 2015 at 6:28 pm
SHARE

 

ദുബൈ: പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമാകാന്‍ കടമ്പകള്‍ തീരുന്നു. ഇനി കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവ് മാത്രം മതി. പ്രവാസിവോട്ട് എത്രയുംവേഗം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി വ്യക്തമാക്കി. പ്രവാസി വോട്ടിന് ആവശ്യമായ നിയമഭേദഗതിയുടെ കുറിപ്പ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് അയച്ചിട്ടുണ്ട്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നടപടികളും പൂര്‍ത്തിയായെന്നും സുപ്രീംകോടതിയിലെ ഹര്‍ജിക്കാരന്‍ ഡോ. ഷംഷീര്‍ വയലിലിനെ നസീം സെയ്ദി അറിയിച്ചു.
അന്യസംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് അവിടെനിന്നുതന്നെ വോട്ടുചെയ്യാന്‍ അവകാശം നല്‍കുന്ന കാര്യം പരിഗണിക്കുന്ന റിപ്പോര്‍ട്ട് ഈ മാസംതന്നെ സുപ്രീംകോടതിയില്‍ സമര്‍പിക്കും. അന്യസംസ്ഥാന വോട്ടുമായി ബന്ധപ്പെട്ട് നിയമഭേദഗതി വേണ്ടിവരില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയാല്‍ മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസിവോട്ടവകാശം ഉറപ്പുവരുത്താന്‍ ജനപ്രാതിനിധ്യനിയമത്തില്‍ ഭേദഗതിവരുത്തുന്നതിന് കഴിഞ്ഞ ഏപ്രിലില്‍ കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി എട്ടാഴ്ച സമയം അനുവദിച്ചു. അന്യസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് അവിടെത്തന്നെ വോട്ടുചെയ്യാന്‍ അവകാശം നല്‍കണമെന്ന ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പിക്കണമെന്ന് ജനവരിയില്‍ നിര്‍ദേശിച്ചിരുന്നു.