സേവന മേഖലയില്‍ നിന്ന് സഹകരണ സംഘങ്ങള്‍ പിന്‍മാറരുത്: മന്ത്രി

Posted on: July 5, 2015 9:34 am | Last updated: July 5, 2015 at 9:34 am
SHARE

മലപ്പുറം: സഹകരണ കാര്‍ഷിക ഗ്രാമവികസന ബേങ്കിന്റെ മലപ്പുറം മേഖലാ ഓഫീസ് സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സേവന മേഖലയില്‍ നിന്ന് സഹകരണ സംഘങ്ങള്‍ പിന്നോട്ട് പോകാന്‍ പാടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താന്‍ സഹകരണ സംഘങ്ങള്‍ മുന്‍കൈ എടുക്കണം. കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്ന തരത്തില്‍ നബാര്‍ഡിന്റെ വ്യവസ്ഥകളില്‍ മാറ്റമുണ്ടാകേണ്ടതുണ്ട്.
നിക്ഷേപ സമാഹരണം പോലുള്ള പ്രവൃത്തികളിലൂടെ മാത്രമെ സഹകരണ സംഘങ്ങള്‍ക്ക് മുന്നോട്ട് പോകാനാകൂ എന്ന സ്ഥിതിയാണ്. സഹകരണ മേഖലയുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് സമഗ്രമായ നിയമ ഭേദഗതി ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സിവില്‍ സ്റ്റേഷന്‍ പരിസരത്ത് 552 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മൂന്ന് നിലകളിലായാണ് ബേങ്ക് മന്ദിരം നിര്‍മിച്ചിട്ടുള്ളത്. 226 ലക്ഷം ചെലവില്‍ സഹകരണ മേഖലയിലെ ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റിവ് സൊസൈറ്റിയാണ് 24 മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ചത്.
ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍, പി ഉബൈദുല്ല എംഎല്‍ എ, കാര്‍ഷിക ഗ്രാമവികസന ബേങ്ക് സംസ്ഥാന പ്രസിഡന്റ് സോളമന്‍ അലക്‌സ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റ് എ എന്‍ അഹമ്മദ് കുട്ടി, കാര്‍ഷിക വികസന ബേങ്ക് ജനറല്‍ മാനേജര്‍ അപര്‍ണ പ്രതാപ്, റീജനല്‍ മാനേജര്‍ സാജു പീറ്റര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.