വണ്ടൂരിലെ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍

Posted on: July 5, 2015 9:32 am | Last updated: July 5, 2015 at 9:32 am
SHARE

മലപ്പുറം: പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വണ്ടൂരിലെ പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരടങ്ങുന്ന ആരോഗ്യവകുപ്പിന്റെ വിദഗ്ധ സമിതി നേതൃത്വം നല്‍കും. ആരോഗ്യമന്ത്രി വി എസ്. ശിവകുമാറിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത പകര്‍ച്ചവ്യാധി അവലോകനയോഗത്തിലാണ് തീരുമാനം. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും വണ്ടൂരില്‍ ഇല്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് കഴിഞ്ഞ മൂന്നുദിവസമായി സംസ്ഥാനത്ത്, ഡെങ്കി, എലിപ്പനി മുതലായ പകര്‍ച്ചവ്യാധികള്‍ താരതമ്യേന കുറഞ്ഞിട്ടുണ്ട്. ആരോഗ്യം, തദ്ദേശസ്വയംഭരണം, നഗരകാര്യം, പഞ്ചായത്ത്, കൃഷി, മൃഗസംരംക്ഷണം, വിദ്യാഭ്യാസം, ജലവിഭവം, തൊഴില്‍, പൊതുമരാമത്ത്, ഫിഷറീസ് മുതലായ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനം പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് അത്യാവശ്യമാണെന്നും ഇവയുടെ ഏകോപനം ഉറപ്പുവരുത്തുവാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍മാരുടെയും മേയര്‍മാരുടെയും യോഗം ഈമാസം ഏഴിന് തിരുവനന്തപുരത്ത് ചേരും. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ജില്ലാതലങ്ങളിലും എം എല്‍ എമാര്‍ മണ്ഡലതലത്തിലും, അവലോകനയോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും. ഗ്രാമപഞ്ചായത്ത് ഭാരവാഹികളുടെ യോഗങ്ങളും വിളിച്ചുകൂട്ടും. എല്ലാ വാര്‍ഡുതല ശുചിത്വസമിതികളും അനുവദിച്ച തുക മുഴുവനും വിനിയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തരുതെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഗ്രാമസഭകള്‍, പ്രത്യേകയോഗങ്ങള്‍ വിളിച്ചുകൂട്ടി പകര്‍ച്ചവ്യാധി നിയന്ത്രണം കാര്യക്ഷമമാക്കണം. രോഗികളുടെ ബാഹുല്യം കൂടുതലുള്ള ആശുപത്രികളില്‍ പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കുന്നതിന്, മൂന്നുമാസത്തേക്ക് 203 ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ കൂടുതലായി നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.
ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി പകര്‍ച്ചവ്യാധിപ്രതിരോധ-നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകളുടെ വിതരണം വിപുലമാക്കും. ഞായറാഴ്ചകളില്‍ വീടുകളിലും വ്യാഴാഴ്ചകളില്‍ ഓഫീസുകളിലും വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും ഡ്രൈ ഡേ ആചരണങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്.
യോഗത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. എസ് ജയശങ്കര്‍, അഡീഷനല്‍ ഡയറക്ടര്‍മാരായ ഡോ. ആര്‍ രമേഷ്, ഡോ. എസ് ശ്രീലത, ഡോ. എപി പാര്‍വതി, അസിസ്റ്റന്റ് ഡയറക്ടര്‍, ഡോ. ജഗദീഷ്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. ശ്രീകുമാരി, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഹരിപ്രസാദ്, കെ എം എസ് സി എല്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് പങ്കെടുത്തു.