ധീര രക്തസാക്ഷികളുടെ സ്മരണയില്‍ ബദ്ര്‍ ദിനം

Posted on: July 5, 2015 9:31 am | Last updated: July 5, 2015 at 9:31 am
SHARE

മലപ്പുറം: തിന്‍മക്ക് മേല്‍ നന്‍മ വിജയം നേടിയ ബദ്ര്‍ പോരാട്ടത്തിന്റെയും പോരാളികളുടെയും ധീര സ്മരണയില്‍ മുസ്‌ലിം ലോകം ബദ്ര്‍ദിനം ആചരിച്ചു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ബദ്ര്‍ യുദ്ധം നടന്നത് റമസാന്‍ പതിനേഴിനായിരുന്നു. ഇതിന്റെ ഓര്‍മപ്പെടുത്തലും ബദ്ര്‍ശുഹദാക്കളുടെ മനക്കരുത്ത് വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കുകയുമാണ് ബദ്ര്‍ ദിനത്തിലൂടെ ചെയ്യുന്നത്. പളളികള്‍, മദ്‌റസകള്‍, മറ്റ് ഇസ്‌ലാമിക സ്ഥാപനങ്ങള്‍, സുന്നി സംഘടനാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇന്നലെ വിപുലമായ രീതിയില്‍ ബദ്ര്‍ദിനം സംഘടിപ്പിച്ചു. ഉച്ചക്ക് ശേഷമായിരുന്നു മിക്കയിടങ്ങളിലും പരിപാടികള്‍ നടന്നത്. ബദ്ര്‍ മൗലിദ് ചൊല്ലിയും മൗലിദ് പാരായണം ചെയ്തും പ്രാര്‍ഥനകളില്‍ മുഴുകിയും ബദരീങ്ങളുടെ ചരിത്രങ്ങള്‍ പറഞ്ഞുമെല്ലാം ഏറെ ആവേശത്തോടെയാണ് പരിപാടികളില്‍ ജനങ്ങള്‍ പങ്കു കൊണ്ടത്. മൗലിദുകള്‍ക്ക് ശേഷം ഭക്ഷണ വിതരണവും നടത്തി. പലയിടങ്ങളിലും സൗഹാര്‍ദത്തിന്റെ വേദി കൂടിയായിരുന്നു ബദ്ര്‍ദിന പരിപാടികള്‍. മമ്പാട് ബദ്ര്‍ മസ്ജിദില്‍ അനുസ്മരണ സംഗമവും അന്നദാനവും നടന്നു. മൗലിദ് പാരായണത്തിനും അനുസ്മരണ പ്രാഭാഷണത്തിനും ബശീര്‍ സഖാഫി ചീക്കോട്, റസാഖ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പുള്ളിപ്പാടം സുന്നി ജുമാമസ്ജിദില്‍ നടന്ന ബദ്ര്‍ അനുസ്മരണ സംഗമത്തിന് പി എം പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. തഖ്‌വാബാദ് സുന്നി മസ്ജിദില്‍ ബദ്ര്‍ അനുസ്മരണ സംഗമവും പ്രാര്‍ഥന സദസും സംഘടിപ്പിച്ചു. അക്ബറലി ഫൈസി മമ്പാട് നേതൃത്വം നല്‍കി. കമ്പിനിപ്പടി മസ്ജിദുല്‍ ബദ്‌റില്‍ അനുസ്മരണ സംഗമവും പ്രാര്‍ഥന സദസും അന്നദാനവും നടത്തി. വിവിധ പരിപാടികള്‍ക്ക് ഉസ്മാന്‍ മളാഹിരി നേതൃത്വം നല്‍കി.