യു എന്‍ വോട്ടിംഗില്‍ ഇന്ത്യ വിട്ടുനിന്നത് മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് കളമൊരുക്കാന്‍

Posted on: July 5, 2015 4:58 am | Last updated: July 4, 2015 at 11:59 pm
SHARE

modiന്യൂഡല്‍ഹി: ഐക്യ രാഷ്ട്രസഭയില്‍ ഇസ്‌റാഈലിനെതിരായ വോട്ടിംഗില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് മണ്ണൊരുക്കാനെന്ന് വിലയിരുത്തല്‍. ഗാസയില്‍ പിഞ്ചു കുഞ്ഞുങ്ങളെയടക്കം ബോംബിട്ട് കൊന്ന ഇസ്‌റാഈല്‍ സൈനിക ദൗത്യമായ ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് സംബന്ധിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള വോട്ടിംഗിലാണ് ഇന്ത്യ ഇസ്‌റാഈല്‍ അനുകൂല സമീപനം സ്വീകരിച്ചത്. ഗാസാ ആക്രമണത്തിനിടെ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും തുറന്ന് കാട്ടുന്ന റിപ്പോര്‍ട്ടാണ് യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേശപ്പുറത്ത് വെച്ചത്. ഈ ഏറ്റുമുട്ടലിനിടെ സിവിലിയന്‍മാര്‍ മരിക്കാനിടവരുന്ന വിധത്തില്‍ ആക്രമണം അഴിച്ചു വിട്ട ഇസ്‌റാഈല്‍ സൈനികരെയും ഹമാസ് തീവ്രവാദികളെയും ഒരു പോലെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. യു എന്‍ സ്‌കൂളുകളെയും അഭയാര്‍ഥി ക്യാമ്പുകളെപ്പോലും വെറുതെ വിടാത്ത ഇസ്‌റാഈല്‍ സൈനിക നേതൃത്വത്തെ തന്നെയാണ് പ്രധാനമായും റിപ്പോര്‍ട്ട് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇത് അറിഞ്ഞു കൊണ്ട് ഇന്ത്യ വോട്ടിംഗില്‍ നിന്ന് വിട്ടു നിന്നത് മോദി സര്‍ക്കാറിന്റെ തുറന്ന ഇസ്‌റാഈല്‍ അനുകൂല സമീപനത്തിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. നരേന്ദ്ര മോദി ഇസ്‌റാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനിരിക്കെ ഈ തീരുമാനത്തിന് ഏറെ മാനങ്ങളുണ്ട്. 2014 ജൂലൈയില്‍ യു എന്‍ മനുഷ്യാവകാശ സമിതി പ്രമേയത്തെ ഇന്ത്യ അനുകൂലിക്കുകയും ഇസ്‌റാഈലിനെതിരെ വോട്ട് ചെയ്യുകയുമായിരുന്നു.
മോദി സര്‍ക്കാര്‍ വന്ന ശേഷം ഇസ്‌റാഈലുമായുള്ള പ്രതിരോധ സഹകരണം ഊര്‍ജിതമായിരുന്നു. 3,000 കോടി രൂപയുടെ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍(എ ടി ജി എം) കരാര്‍ ഇതില്‍ ഒന്നു മാത്രമാണ്. ഈ കരാര്‍ നിലവില്‍ വരാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്. 382 ഇന്‍ഫന്ററി ബറ്റാലിയനും 44 മെക്കനൈസ്ഡ് ഇന്‍ഫന്ററി ബറ്റാലിയനും എ ടി ജി എമ്മുകള്‍ ലഭ്യമാക്കുകയാണ് കരാറിന്റെ ലക്ഷ്യം. ഇസ്‌റാഈലിന്റെ മൂന്നാം തലമുറ എ ടി ജി എം ആയ സ്‌പൈക്ക് വാങ്ങാന്‍ ഒക്‌ടോബറില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിന് പിറകേ ഇസ്‌റാഈല്‍ കമ്പനിയായ റാഫേലില്‍ നിന്ന് 8356 എ ടി ജി എമ്മുകള്‍ വാങ്ങാനും ധാരണയായി. സൈനിക വാഹഹങ്ങളില്‍ നല്ല പങ്ക് ഇറക്കുമതി ചെയ്യുന്നത് ഇസ്‌റാഈലില്‍ നിന്നാണ്.
ഈ വര്‍ധിച്ച സഹകരണത്തിന്റെ മറ്റൊരു ഘട്ടമാണ് യു എന്‍ വോട്ടിംഗിലൂടെ ആരംഭിച്ചിരിക്കുന്നത്. 41 രാജ്യങ്ങള്‍ റിപ്പോര്‍ട്ടിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ അമേരിക്ക മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യടക്കം അഞ്ച് രാജ്യങ്ങള്‍ വിട്ടു നിന്നു.
കെനിയ, എത്യോപ്യ, പരാഗ്വേ, മാസിഡോണിയ എന്നിവയാണ് വിട്ടു നിന്ന മറ്റുള്ളവര്‍. ഇസ്‌റാഈലിന് വിലമതിക്കാനാകാത്ത നേട്ടമാണ് ഇന്ത്യയുടെ തീരുമാനമെന്നാണ് ഇസ്‌റാഈല്‍ മാധ്യമങ്ങളും സര്‍ക്കാര്‍ വൃത്തങ്ങളും വിശേഷിപ്പിച്ചത്. എന്നാല്‍ ദീര്‍ഘകാലമായി തുടര്‍ന്നു വന്ന നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. ഫലസ്തീന്‍ രാഷ്ട്രത്തിനായുള്ള ശ്രമങ്ങളെ തുടര്‍ന്നും ഇന്ത്യ പിന്തുണക്കുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോഴത്തെ പ്രമേയത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും ഐ സി സിയെ ഇന്ത്യ അംഗീകരിക്കുന്നില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ന്യായം.
1992ലാണ് ഇന്ത്യയും ഇസ്‌റാഈലുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണ അര്‍ഥത്തില്‍ സ്ഥാപിക്കപ്പെട്ടത്. അതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്‌റാഈല്‍ സന്ദര്‍ശിക്കാന്‍ പോകുന്നത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ടെല്‍ അവീവിലേക്ക് പറക്കാനാണ് മോദി പരിപാടിയിടുന്നത്.