അജ്മീര്‍ സ്‌ഫോടന കേസിലെ മുഴുവന്‍ സാക്ഷികളും കൂറുമാറി

Posted on: July 5, 2015 4:53 am | Last updated: July 4, 2015 at 11:55 pm
SHARE

ajmeer blastന്യൂഡല്‍ഹി: ആര്‍ എസ് എസുകാര്‍ പ്രതികളായ അജ്മീര്‍ സ്‌ഫോടന കേസിലെ മുഴുവന്‍ സാക്ഷികളും കൂറുമാറി. മൂന്ന് പേരുടെ മരണത്തിനും 12ഓളം പേര്‍ക്ക് പരുക്കേല്‍ക്കാനും ഇടയാക്കിയ 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടന കേസിലെ 13 പ്രോസിക്യൂഷന്‍ സാക്ഷികളാണ് കേസ് തന്നെ അട്ടിമറിക്കപ്പെടുന്ന തരത്തില്‍ കൂറുമാറിയത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) അന്വേഷിച്ച ഈ കേസിലെ പ്രതികളെല്ലാം തന്നെ ആര്‍ എസ് എസ് അംഗങ്ങളോ മുന്‍ അംഗങ്ങളോ ആണ്. 12 പേര്‍ക്കെതിരെയാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഹിന്ദുത്വ തീവ്രവാദികള്‍ പ്രതികളായ കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ വിവിധ തലങ്ങളില്‍ സമ്മര്‍ദം ചെലുത്തുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് ഒരു ദേശീയ മാധ്യമം അജ്മീര്‍ കേസിലെ സാക്ഷികള്‍ കൂറുമാറിയതായുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. മലേഗാവ് സ്‌ഫോടന കേസില്‍ മൃദുസമീപനമെടുക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദമുള്ളതായി ഏതാനും ദിവസം മുമ്പാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്.
ഇപ്പോള്‍ കൂറുമാറിയിട്ടുള്ള സാക്ഷികളുടെ മൊഴികള്‍ അജ്മീര്‍ സ്‌ഫോടന കേസില്‍ ഏറെ നിര്‍ണായകമാണെന്ന് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ അശ്വിനി ശര്‍മ പറഞ്ഞു. ഇവരെല്ലാം തന്നെ സെക്ഷന്‍ 164 (ക്രിമിനല്‍ നടപടിക്രമം) അനുസരിച്ച് മജിസ്‌ട്രേറ്റിന് മുന്നിലാണ് മൊഴിനല്‍കിയിരുന്നത്. അന്വേഷണോദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്നല്ല മൊഴി നല്‍കുന്നത് എന്ന് വ്യക്തമാക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ നടന്ന മൊഴി രേഖപ്പെടുത്തല്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട്. എന്നാല്‍, 2014 നവംബര്‍ മുതല്‍ തന്നെ ഈ സാക്ഷികളെല്ലാം തന്നെ തങ്ങള്‍ക്ക് മേല്‍ എന്‍ ഐ എയുടെ സമ്മര്‍ദം ഉണ്ടായിരുന്നു എന്ന് ആരോപിച്ച് തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ മെയില്‍ കേസിലെ അവസാന സാക്ഷിയും ഇതേ ആരോപണം തന്നെ ഉയര്‍ത്തിയതോടെ എല്ലാവരും കൂറുമാറിയ സ്ഥിതി വന്നിരിക്കയാണെന്ന് അശ്വിനി ശര്‍മ പറഞ്ഞു. മൊഴി നല്‍കാന്‍ ആരുടെയെങ്കിലും ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായിരുന്നോ എന്ന് താന്‍ നേരത്തെ ഓരോ സാക്ഷിയോടും പല തവണ ചോദിച്ച് ഉറപ്പുവരുത്തിയതാണ്. എന്നാല്‍ ഇപ്പോള്‍ അവര്‍ പറയുന്നത്, തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും അത് തുറന്നുപറയാന്‍ അവസരം ലഭിച്ചില്ല എന്നുമാണെന്ന് അശ്വിനി കൂട്ടിച്ചേര്‍ത്തു.
അജ്മീര്‍ സ്‌ഫോടന കേസിലെ സാക്ഷി മൊഴിയില്‍ നിന്നും മലക്കം മറിഞ്ഞ രണ്‍ധീര്‍ സിംഗ് ഇപ്പോള്‍ ബി ജെ പി ഭരിക്കുന്ന ഝാര്‍ഖണ്ഡ് മന്ത്രിസഭയിലെ അംഗമാണ്. മലേഗാവ്, അജ്മീര്‍, മക്കാ മസ്ജിദ് സ്‌ഫോടന കേസുകളില്‍ പ്രതികളായ ഗുപ്തയും സുനില്‍ ജോഷിയും ആയുധ പരിശോധന നടത്തുന്നത് കണ്ടുവെന്നായിരുന്നു രണ്‍ധീര്‍ സിംഗ് എ ടി എസിന് നല്‍കിയ മൊഴി. എന്നിരുന്നാലും ഈ മൊഴി അദ്ദേഹം കോടതിയില്‍ നടത്തിയിരുന്നില്ല. അതേസമയം, എ ടി എസിന് നല്‍കിയ മൊഴിയില്‍ നിന്ന് നാല് മാസം മുമ്പ് രണ്‍ധീര്‍ പിന്നാക്കം പോയി. ഇതേ നാല് മാസത്തിന് മുമ്പ് രണ്‍ധീര്‍ സിംഗ് ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രചാതാന്ത്രിക്) വിട്ട് ബി ജെ പിയില്‍ ചേരുകയും സംസ്ഥാന മന്ത്രിയായി ചുമതലയേല്‍ക്കുകയുമായിരുന്നു. അതേസമയം, മൊഴിയില്‍ നിന്ന് താന്‍ പിന്നോട്ട് പോയിട്ടില്ലെന്നാണ് രണ്‍ധീര്‍ സിംഗ് പറയുന്നത്.
എന്നാല്‍, സാക്ഷികള്‍ക്ക് മേല്‍ യാതൊരുവിധ സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് എന്‍ ഐ എ വൃത്തങ്ങള്‍ പ്രതികരിച്ചു. അന്വേഷിക്കലാണ് തങ്ങളുടെ ചുമതല. സാക്ഷികളുടെ നിലപാടിനെ സ്വാധീനിക്കാന്‍ എന്‍ ഐ എ ശ്രമിച്ചിട്ടില്ല- മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇപ്പോള്‍ കൂറുമാറിയിട്ടുള്ള 13 സാക്ഷികളും ആര്‍ എസ് എസ് പ്രവര്‍ത്തകരോ ഭാരവാഹികളോ ആയിരുന്നു. സാക്ഷികള്‍ കൂറുമാറിയെന്ന് റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ ബി ജെ പി നേതാക്കള്‍ വിസമ്മതിച്ചു. അതേസമയം, കേസ് രാഷ്ട്രീയമായി കെട്ടിച്ചമച്ചതിന്റെ തെളിവാണ് സാക്ഷികളുടെ കൂറുമാറ്റമെന്ന് ആര്‍ എസ് എസ് താത്വിക നേതാവ് രാകേഷ് മിശ്ര പ്രതികരിച്ചു. കേസ് ആര്‍ എസ് എസിനെതിരെയുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. എന്നെങ്കിലും ബി ജെ പി അധികാരത്തിലെത്തിയാല്‍ ആര്‍ എസ് എസ് പ്രതികളായ കേസുകളെല്ലാം വെള്ളം ചേര്‍ക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്യുമെന്നത് യാഥാര്‍ഥ്യമായതായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പ്രതികരിച്ചു. ഉന്നത തലത്തിലുള്ള വലിയ ഗൂഢാലോചന തന്നെ പിന്നില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ആര്‍ എസിന്റെ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന ഇന്ദ്രേഷ് കുമാറിനെ പ്രതിചേര്‍ത്തതോടെ തന്നെ അജ്മീര്‍ സ്‌ഫോടന കേസ് അന്വേഷണം വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.
അജ്മീര്‍ ദര്‍ഗ സ്‌ഫോടനം നടക്കുന്നതിന് തൊട്ട് മുമ്പ് ജയ്പൂരിലെ ഗുജറാത്തി സമാജ് ഗസ്റ്റ് ഹൗസില്‍ നടന്ന രഹസ്യ യോഗത്തില്‍ പങ്കെടുത്തു എന്നതായിരുന്നു ഇന്ദ്രേഷ് കുമാറിനെതിരെ എന്‍ ഐ എയുടെ കുറ്റപത്രത്തിലുള്ള ആരോപണം. ഈ യോഗത്തില്‍ സ്‌ഫോടനം നടത്തിയവര്‍ എന്നാരോപിക്കപ്പെടുന്നവരെല്ലാം പങ്കെടുത്തിരുന്നു.