Connect with us

Kerala

തദ്ദേശ സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് ധനകാര്യ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി പിരിവടക്കമുള്ള തനത് വരുമാന സമാഹരണം അവതാളത്തിലാണെന്നും നികുതി വര്‍ധിപ്പിച്ചില്ലെങ്കില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അഞ്ചാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി എ പ്രകാശ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് ഇക്കാരംയ അറിയച്ചത്.
മതിയായ ജീവനക്കാരില്ലാത്തതുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ നികുതി പിരിവ് താറുമാറായെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. നികുതി- നികുതിയേതര വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാകും. മുഴുവന്‍ ജില്ലകളിലും സിറ്റിംഗ് നടത്തുകയും 105 തദ്ദേശസ്ഥാപനങ്ങളുടെ ധനസ്ഥിതിയും വാര്‍ഷികപദ്ധതിയും വിലയിരുത്തുകയും ജനപ്രതിനിധികളില്‍ നിന്ന് വിവരശേഖരണം പൂര്‍ത്തിയായ ശേഷമാണ് കമ്മീഷന്റെ വിലയിരുത്തല്‍.
കോര്‍പറേഷനുകളില്‍ തൃശൂര്‍ 21.86 കോടിയും, കോഴിക്കോട് 5.55 കോടിയും, കൊച്ചി 13.06 കോടിയും, കൊല്ലം 3.73 കോടിയും, തിരുവനന്തപുരം 59.48 കോടിയും നികുതി കുടിശ്ശികയുണ്ട്. മുനിസിപാലിറ്റികളിലും വലിയ കുടിശ്ശികയുണ്ട്. തദ്ദേശ സസ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്ന നികുതികളും നികുതിയിതര ഫീസുകളും ഒരോ അഞ്ചുവര്‍ഷം കൂടുമ്പോഴും വര്‍ധിപ്പിക്കാന്‍ അവര്‍ക്കുതന്നെ സ്വാതന്ത്രം നല്‍കണം.
നികുതി, നികുതിയിതര ഇനങ്ങളിലെ നിരക്ക് നിശ്ചയിക്കുന്നതിനും നടപ്പാക്കുന്നതിനും നിലവിലുള്ള ബൈ ലോ സമ്പ്രദായം മാറ്റണം. പൊതുചട്ടത്തിന്റെ അടിസ്ഥാനത്തില്‍ നിരക്കുകള്‍ നിശ്ചയിക്കണം. ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍, മൊബൈല്‍ ടവര്‍, ഹൗസ് ബോട്ട് തുടങ്ങിയവയില്‍നിന്ന് നികുതി പിരിവിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കണം. എല്ലാ വീടുകളും നികുതി പരിധിയില്‍ കൊണ്ടുവരണം. കേന്ദ്ര സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും ദേവസ്വം ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തണം. അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും വസ്തു നികുതി ഈടാക്കണം. മത്സ്യബന്ധന ബോട്ടുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് ഏര്‍പ്പെടുത്തണം. ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍, വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കടമുറികള്‍ എന്നിവയുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങള്‍, സംഘടിത മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയൊഴികെ അസംഘടിത മേഖലയിലുള്ള തൊഴില്‍ നികുതി അടക്കുന്നില്ല. പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരില്‍ ചെറിയ വിഭാഗം മാത്രമേ നികുതി നല്‍കുന്നുള്ളൂ. ഇത് പരിഹരിക്കാന്‍ നികുതി അടക്കാത്തവരുടെ പേരില്‍ പ്രോസിക്യൂഷന്‍ നടപടികളും ഫൈന്‍ വര്‍ധിപ്പിക്കാനും നിയമഭേദഗതികള്‍ നടപ്പാക്കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പ് മോശമാണെന്നും കമ്മീഷന്‍ വിലയിരുത്തി. പൂര്‍ത്തിയാകാത്ത സ്പില്‍ ഓവര്‍ പദ്ധതികളുടെ എണ്ണം കൂടുന്നു. വാര്‍ഷിക പദ്ധതികളുടെ സിംഹഭാഗം തുകയും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസങ്ങളിലാണ് ചെലവിടുന്നത്. എന്‍ജിനീയറിംഗ് വിഭാഗത്തില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നു. വകുപ്പില്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാര്‍ക്ക് വാഹന സൗകര്യം ലഭ്യമാക്കണമെന്ന വിലയിരുത്തലും കമ്മീഷന്‍ നടത്തിയിട്ടുണ്ട്. ഡിസംബറിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശ്രമമെന്നും ചെയര്‍മാന്‍ പറഞ്ഞു.
കമ്മീഷന്‍ സെക്രട്ടറി ടി കെ സോമന്‍, അണ്ടര്‍ സെക്രട്ടറി ബി പ്രദീപ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ആദ്യമായാണ് ധനകാര്യകമ്മീഷന്‍ ഇത്തരത്തില്‍ വിശാലമായ സിറ്റിംഗുകള്‍ നടത്തി തദ്ദേശസ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു.