വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ക്ക് കാരണം ധനവകുപ്പ്: എം എസ് എഫ്

Posted on: July 4, 2015 11:49 pm | Last updated: July 4, 2015 at 11:49 pm
SHARE

msfകോഴിക്കോട്: പാഠപുസ്ത വിവാദം അടക്കം വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം ധനവകുപ്പാണെന്ന രൂപത്തില്‍ രൂക്ഷവിമര്‍ശനവുമായി എം എസ് എഫ്. ധനവകുപ്പ് സൂപ്പര്‍ ക്യാബിനറ്റ് ചമയുകയാണെന്നും വിദ്യാഭ്യാസ വകുപ്പിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും എം എസ് എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ നിരവധി പദ്ധതികള്‍ ധനവകുപ്പിന്റെ ഉടക്ക് മൂലം തടസപ്പെടുകയാണ്.
പാഠപുസ്ത അച്ചടി വൈകാനുള്ള കാരണം പരിശോധിച്ചാല്‍ ധനവകുപ്പിന്റെ വീഴച ബോധ്യമാകും. പാഠ പുസ്തക അച്ചടിയും വിതരണവും വൈകുന്നതില്‍ ധന – അച്ചടി – വിദ്യാഭ്യാസ വകുപ്പുകളുടെ ഏകോപനം ശരിയായി നടന്നില്ല. ഏകോപനം വേണ്ടിടത്ത് കുറവ് വന്നാല്‍ ഇടപെടേണ്ട മുഖ്യമന്ത്രി ഉള്‍പ്പടെയുളളവര്‍ ഒന്നും ചെയ്യുന്നില്ല. രണ്ട്, മൂന്ന് ക്യാബിനറ്റ് കയറി ഇറങ്ങിയ അധ്യാപക പാക്കേജ് ക്യാബിനറ്റ് തീരുമാനിച്ചിട്ടും സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയില്ല. 257 സര്‍ക്കാര്‍ സ്‌കൂളൂകളിലെ പ്ലസ് വണ്‍ അധ്യാപകരുടെ നിയമനം, ആര്‍ എം എസ് എ പോസറ്റ് ക്രിയേഷന്‍, അറബിക് സര്‍വ്വകലാശാല ആരംഭിക്കല്‍ തുടങ്ങി നിരവധി പ്രാധാന്യമുളള ഫയലുകള്‍ ധന വകുപ്പ് തടഞ്ഞു വച്ചിരിക്കുകയാണ്. ക്യാബിനറ്റ് തീരുമാനിച്ചാല്‍ 48 മണിക്കൂറിനകം ജി ഒ ഇറങ്ങണമെന്ന പൊതു തീരുമാനം പാലിക്കപ്പെടുന്നില്ല. പാഠ പുസ്തക അച്ചടി പ്രശ്‌നത്തില്‍ ഒന്നാം പ്രതി അച്ചടി വകുപ്പാണ്.
മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റിന്റെ അപര്യാപ്തത പരിഹരിക്കാതെ സര്‍ക്കാരിന് ഇനി ജനങ്ങളെ സമീപിക്കാന്‍ കഴിയില്ല. അരുവിക്കര കൊണ്ട് മാത്രം ഭരണ തുടര്‍ച്ച ലഭിക്കും എന്ന അഹങ്കാരം വേണ്ടെന്നും എം എസ് എഫ് ഓര്‍മിപ്പിച്ചു.