കാട്ടാന വേട്ട: വനംവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Posted on: July 4, 2015 8:07 pm | Last updated: July 5, 2015 at 12:14 am
SHARE

elephant huntingതിരുവനന്തപുരം: വാഴച്ചാല്‍, ആതിരപ്പള്ളി വനമേഖലകളിലെ കാട്ടാന വേട്ട സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. തുണ്ടത്തില്‍ റേഞ്ച് ഓഫീസര്‍ പി കെ രാജേഷ്, കരിമ്പാലി സ്റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ പി സുനില്‍ കുമാര്‍, ഇതേ സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി സി പത്രോസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വനം വിജിലന്‍സ് അഡീഷനല്‍ പി സി സി എഫ് സുരേന്ദ്രകുമാറിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

മലയാറ്റൂര്‍ തുണ്ടം റേഞ്ചിലെ കരിമ്പാനി മേഖലയില്‍ നാല് കൊമ്പന്‍മാര്‍, ഇടമലയാര്‍ റേഞ്ചില്‍ ഒരു കുട്ടിക്കൊമ്പന്‍ എന്നിങ്ങനെ ആനവേട്ടക്കര്‍ കൊന്നുതള്ളിയ അഞ്ചാനകളുടെ അവശിഷ്ടങ്ങള്‍ വനവകുപ്പ് അധികൃതര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയിരുന്നു. എല്ലാറ്റിന്റെയും കൊമ്പും പല്ലുകളും എടുത്തു മാറ്റിയിട്ടുമുണ്ട്.

ആനകളെ വേട്ടയാടാന്‍ നേതൃത്വം നല്‍കിയത് കുട്ടമ്പുഴ ഐക്കരമറ്റം വാസുവാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വാസുവിന്റെ സഹായി കുഞ്ഞിനായും തിരച്ചില്‍ ആരംഭിച്ചു. വേട്ടയാടി കൊന്ന ആനകളുടെ കൊമ്പ് ഓട്ടോറിക്ഷയിലാണ് കടത്തിയത്. ഇതിന് സഹായിച്ച അജേഷ്, ഷിജു എന്നിവര്‍ക്കായും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വനപാലകരുടെ പിടിയിലായ റെജി കുഞ്ഞുമോന്‍ എന്നിവരില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.