കാരുണ്യത്തിന്റെ അക്ഷയ ഖനികള്‍

Posted on: July 4, 2015 6:00 pm | Last updated: July 4, 2015 at 6:00 pm
SHARE

gulf kaazcha1ഇത് ജീവകാരുണ്യ പദ്ധതികളുടെ മാസം കൂടിയാണ്. രോഗവുമായി മല്ലടിക്കുന്നവര്‍ക്ക്, ദാരിദ്ര്യം കൊണ്ട് അവശരായവര്‍ക്ക്, വിദ്യനേടാന്‍ സൗകര്യമില്ലാതെ ഭാവിയിലെ ഇരുട്ടിനെ തുറിച്ചുനോക്കുന്നവര്‍ക്ക്, അനാഥകള്‍ക്ക്, വീടില്ലാത്തവര്‍ക്ക് എന്നിങ്ങനെ എവിടെ നിന്നോ ആര്‍ദ്രതയുടെയും പരിചരണത്തിന്റെയും കൈ നീളുകയാണ്. സംഘടനയുടെയോ സ്ഥാപനത്തിന്റെയും വ്യക്തിയുടെയോ സ്‌നേഹമൃദുല കരങ്ങള്‍ ലക്ഷക്കണക്കിനാളുകള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമാവുകയാണ്. പുണ്യം പെയ്തിറങ്ങുന്ന റമസാനില്‍ ഗള്‍ഫില്‍ നിന്നാണ് കൂടുതലായും സഹായത്തിന്റെ കുളിരരുവികള്‍ ഒഴുകുന്നത്. ഭൂമിയില്‍ ഇപ്പോഴും അനന്തമായ മനുഷ്യപ്പറ്റുള്ള അനേകം ആളുകളുണ്ടെന്ന് മറ്റു സമൂഹങ്ങളെ ഓര്‍മിപ്പിക്കുകയാണ്. മാനവികതയുടെ കൊടിക്കൂറ ഉയരെ പറക്കുകയാണ്.
വരുമാനം മുഴുവന്‍ അവശര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി നീക്കിവെച്ച് മനുഷ്യത്വത്തിന്റെ മഹാമാതൃക കാട്ടിയതില്‍ മുന്‍പന്തിയില്‍ സഊദി അറേബ്യയിലെ സമ്പന്നന്‍ അല്‍ വലീദ് ബിന്‍ തലാല്‍ രാജുകുമാരന്‍. 3,200 കോടി ഡോളറാണ് മറ്റുള്ളവരെ സഹായിക്കാന്‍ നീക്കിവെച്ചത്. സാംസ്‌കാരിക സഹവര്‍ത്തിത്വത്തിനും സ്ത്രീ ശാക്തീകരണം പ്രകൃതി ദുരന്തങ്ങളില്‍പ്പെട്ടവര്‍ക്ക് അഭയത്തിനും വേണ്ടി വലീദ് രാജകുമാരന്‍ മുമ്പും ധാരാളം പണം ചെലവു ചെയ്തിട്ടുണ്ട്. ആഡംബര ജീവിതം നയിക്കുമ്പോഴും നിര്‍ഭാഗ്യത്തിന്റെ പുറമ്പോക്കിലേക്ക് തള്ളപ്പെടുന്നവരെ രാജകുമാരന്‍ കാണാതിരിക്കുന്നില്ല. ആസൂത്രിതമായി ഉപയോഗിക്കുകയാണെങ്കില്‍ ഒരു രാജ്യത്തിന്റെ തന്നെ പട്ടിണിമാറ്റാന്‍ 3,200 കോടി ഡോളറിന് കഴിയും.
വലീദ് ഫിലാന്ത്രോപീസ് എന്ന പേരില്‍ രാജകുമാരന് ഫൗണ്ടേഷനുണ്ട്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി വലിയൊരു ശതമാനം ലാഭം ഫൗണ്ടേഷന് നീക്കിവെക്കുന്നു. യു എ ഇയിലടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും റിയല്‍ എസ്റ്റേറ്റ് ബിസിനസുകളുമുള്ള അദ്ദേഹത്തിന്റെ സഹായം എത്താത്ത മേഖലകളില്ല. ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗമായാണ് തന്നില്‍ ജീവകാരുണ്യത്തിന്റെ ഉറവയൊരുങ്ങുന്നതെന്ന് വലീദ് രാജകുമാരന്‍. ‘അത് വ്യക്തിപരമായ ഉത്തരവാദിത്വമാണ്. 30 വര്‍ഷമായി മുടങ്ങാതെ തുടരാന്‍ കഴിയുന്നത് വലിയ അനുഗ്രഹമായി കാണുകയാണ്.’- രാജകുമാരന്‍ പറഞ്ഞു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയ ഭരണാധികാരികളും വന്‍തോതില്‍ സഹായം നല്‍കുന്നവരാണ്. ഖലീഫ ബിന്‍ സായിദ് ഫൗണ്ടേഷന്‍ 2007 ജൂലൈയില്‍ രൂപവത്കൃതമായി. യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ആഭ്യന്തര സംഘര്‍ഷം മൂലം ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കു ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും ഫൗണ്ടേഷനില്‍ നിന്ന് ഒഴുകുന്നു. ക്ഷയം, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ വേട്ടയാടുന്ന സ്ഥലങ്ങളില്‍ ശൈഖ് ഖലീഫ ഫൗണ്ടേഷന്‍ കണ്ണീരൊപ്പുന്നു. ഫലസ്തീനിലെ ഗാസയില്‍ ശൈഖ് ഖലീഫ സിറ്റി സ്ഥാപിച്ച് സൗജന്യമായി ഭവന വിതരണം നടത്തി. നിരവധി രാജ്യങ്ങളില്‍ ആശുപത്രി പണിതു.
മധ്യപൗരസ്ത്യദേശത്ത് വിദ്യാഭ്യാസ മേഖലയില്‍ ഏറ്റവും വലിയ ജീവകാരുണ്യ പദ്ധതി മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷന്റേതാണ്. ഇതിന്റെ കീഴില്‍ ദുബൈ കെയേഴ്‌സ് വഴി ഇന്ത്യയിലടക്കം വിദ്യാലയ നവീകരണവും ഉച്ചക്കഞ്ഞി വിതരണവും നടന്നു. അന്ധരായ ആളുകള്‍ക്ക് നൂര്‍ ദുബൈ എന്ന പേരില്‍ ചികിത്സ നല്‍കി കാഴ്ച നേടിക്കൊടുക്കുന്ന പദ്ധതി 2008 സെപ്തംബറിലാണ് തുടങ്ങിയത്. ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചുപറ്റാന്‍ ശൈഖ് മുഹമ്മദിനായി. ശൈഖ് മുഹമ്മദിന്റെ ദുബൈ കെയേഴ്‌സ് പദ്ധതിയില്‍ മലയാളികളായ എം എ യൂസുഫലി, സണ്ണിവര്‍ക്കി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവര്‍ സഹകരിച്ചു.
ജീവകാരുണ്യത്തിനുവേണ്ടി ദുബൈയില്‍ വര്‍ഷം തോറും നടക്കുന്ന രാജ്യാന്തര പ്രദര്‍ശനവും സമ്മേളനവും ശ്രദ്ധേയം. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം സംരംഭങ്ങളിലൂടെയും ദുബൈ ഖ്യാതി നേടിയിട്ടുണ്ട്.
ഗള്‍ഫില്‍ വാണിജ്യമേഖലയില്‍ കുതിപ്പുനടത്തിയ മലയാളികളില്‍ അനേകം പേര്‍, ലോകത്തോട് വിളിച്ചുപറയാതെ, കോടികളാണ് സഹായം നല്‍കുന്നത്. യു എ ഇയിലെ ഒരു വാണിജ്യ പ്രമുഖന്റെ ഓഫീസില്‍ റമസാനില്‍ തിരക്കൊഴിഞ്ഞ നേരമില്ല. കേരളത്തിന്റെ ഏത് കോണിലായാലും, അവശതയുള്ളവരെ സംബന്ധിച്ച വാര്‍ത്ത, മാധ്യമങ്ങളിലൂടെയോ മറ്റോ അറിഞ്ഞാല്‍ ഉടന്‍ വേണ്ടതു ചെയ്യാന്‍ നിര്‍ദേശം കാത്തിരിക്കുന്ന ധാരാളം ജീവനക്കാര്‍ ആ ഓഫീസിലുണ്ട്. കേരളത്തിലെ അനാഥ മന്ദിരങ്ങളിലേക്കും എല്ലാ വര്‍ഷവും ഇവിടെ നിന്ന് സഹായം എത്തുന്നു.
മധ്യപൗരസ്ത്യദേശത്തെ തീവ്രവാദികളെക്കുറിച്ച് മാത്രമാണ് മിക്കപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ആ പാപങ്ങളെ മുഴുവന്‍ കഴുകിക്കളയുന്ന എത്രയോ സദ് പ്രവൃത്തികള്‍ ഇവിടെ പലരും നടത്തുന്നു. ഇത്തരം മനുഷ്യത്വം, മുഴുവന്‍ വിളിച്ചുപറയാനുള്ളതല്ലെങ്കിലും മധ്യപൗരസ്ത്യദേശത്തിന്റെ നന്മയുടെ മുഖം കൂടിലോകം അറിയണം.
ജാതിമത ഭേദമന്യെ നിരവധി പേര്‍ക്ക് കാരുണ്യക്കൈനീട്ടം എത്തുന്ന പുണ്യഭൂമിയില്‍ സ്‌നേഹത്തിന്റെയും ദയാവായ്പിന്റെയും നീരുറവകള്‍ എമ്പാടുമുണ്ട്. വിശക്കുന്ന മുഴുവന്‍ പേര്‍ക്കുമായി റമസാന്‍ കൂടാരങ്ങള്‍ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ സൗജന്യ പ്രാഥമിക ചികിത്സ വരെ വിവിധ രൂപത്തില്‍ മറ്റു ചിലവഴികളിലും അത് നിര്‍ബാധം ഒഴുകുന്നു. മഹത്തായ ഒരു നാഗരിക നൈരന്തര്യമാണ് കാരുണ്യത്തിന്റെ അക്ഷയ ഘനികള്‍ ഇവിടെ സൃഷ്ടിച്ചത്.
വാല്‍കഷ്ണം: പരിചരണം ആവശ്യമുള്ളവരെ, വിശേഷിച്ച് അനാഥരെയും ഇളം പ്രായക്കാരെയും സഹായിക്കാന്‍ സന്നദ്ധ സേവകരാകൂ… ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്.